ഗുരുവായൂർ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീം എന്ന പേരില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ, ചിത്രതെരുവ് ചിത്രരചനാ കാമ്പയിന് നടത്തി. നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ ലൈബ്രറി കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ കാന്‍വാസില്‍ പ്രശസ്ത ചിത്രകാരന്മാരായ ഗായത്രി, ജയ്സണ്‍ ഗുരുവായൂര്‍, രാധ എം, ഹുസൈന് ഗുരുവായൂര്‍, സുബൈര്‍ നമ്പഴിക്കാട്, രണദേവ് മാധവ്, ബാലചന്ദ്രന് പരപ്പില്‍, ജ്യോതിബസ് എം ആര് എന്നിവരും ചിത്രകൂട് കൂട്ടായ്മയിലെ ചിത്രകാരന്മാരും ചിത്രങ്ങള്‍ തീര്‍ത്തു. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നൂറ്റമ്പതോളം പേര് പങ്കെടുത്തു.
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 ന്റെ ഭാഗമായി സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി മാരത്തോണ്‍, വര്‍ണാഭമായ റാലി, സൈക്കിള്‍ റാലി, സാംസ്ക്കാരിക പരിപാടികള്‍, ക്ലീനിങ്ങ് ഡ്രൈവുകള്‍, ചിത്രതെരുവ്, വനിതകളുടെ ബൈക്ക് റാലി, ഫ്ളാഷ് മോബുകള്‍, ആയിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂരിനെ തെരഞ്ഞെടുത്തിരുന്നു ചെയര്മാൻ എം കൃഷ്ണദാസ് പറഞ്ഞു.