ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ പി എം ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു
ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി എം ശ്രീനാഥ് നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.
മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41 പേർ യോഗ്യത നേടി ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 40 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാള ചിഹ്നമായ താക്കോൽ ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാശാന്തിയായി ചുമതലയേൽക്കും.
ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ ആർ ഗോപിനാഥ്, വി ജി രവീന്ദ്രൻ അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.