ഗുരുവായൂർ: ചന്ദനത്തിൽ കടഞ്ഞെടുത്ത വാക്കുകൾ കൊണ്ട് സുന്ദര കാവ്യശിൽപം തീർത്ത കവിയാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹം മലയാള ചലച്ചിത്രത്തിന്, ഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്.
വയലാറിനും പി.ഭാസ്കരനും ഒ എൻ വി ക്കും ഒപ്പം നിൽക്കാൻ അന്നും ഇന്നും എന്നും മലയാളത്തിൻ്റെ ശ്രീയായി തമ്പി സാറുണ്ട്.
സ്വർഗനന്ദിനിയായി സരസ്വതിയെ അവതരിപ്പിച്ച, ചെമ്പകതൈകൾ പൂത്ത മാനത്തെ പൊന്നമ്പളിയെ നമുക്ക് പരിചയപ്പെടുത്തിയ കവി ഉത്രാട രാത്രിയിൽ നമ്മുടെ കരളിലെ കളിത്തട്ടിൽ 60 തിരിയിട്ട കളിവിളക്ക് തെളിയിച്ചു. എന്നിട്ട് ഉത്തരാ സ്വയംവരം കഥകളി കാണിച്ചു തന്നു.
സന്ധ്യയ്ക്കെന്തിന് സിന്ദൂരം…, പൊൻവെയിൽ മണിക്കച്ച…, ഹൃദയ സരസ്സിലെ…., സ്വർണ ഗോപുര നർത്തകീ ശിൽപം…., താരകരൂപിണി..,
ഈശ്വരൻ ഒരിക്കൽ … തുടങ്ങി മലയാളി ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങൾ… ആ തൂലികയിൽ നിന്ന് പിറന്നു. അക്ഷരം വരദാനമായി ലഭിച്ച അനുഗ്രഹീത കവിയാണ് ശ്രീകുമാരൻ തമ്പി.
ദൃശ്യ ഗുരുവായൂർ ആ മഹാപ്രതിഭയെ 2023 സെപ്റ്റംബർ 9 ന് വൈകിട്ട് 4.30ന് നഗരസഭയുടെ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ വച്ച് ആദരിക്കുകയാണ്. “ഉത്രാട പൂനിലാവ് ” എന്ന പരിപാടിയിലൂടെ, ഒപ്പം ദൃശ്യയുടെ സുസ്ഥിര ജീവകാരുണ്യ പദ്ധതി “ജീവനം” ആദരണീയനായ ജില്ല കലക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും.
“മഹാകാവ്യാനുഭാവൻ” എന്ന പുരസ്കാരം മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകൻ ഹരിഹരൻ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. പ്രശസ്ത ശിൽപി എളവള്ളി നന്ദകുമാർ രൂപകൽപന ചെയ്ത ശിൽപവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. തുടർന്ന് ശ്രീകുമാരൻ തമ്പിയുടെ 25 ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
ഓരോ പാട്ടും പിറന്ന സാഹചര്യത്തെ കുറിച്ച് തമ്പി സാർ സംസാരിക്കും. കവി റഫീക് അഹമ്മദും മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി.സുരേന്ദ്രനും ചർച്ചയിൽ സജീവമാകും. ഒരു ഗാനമേള എന്നതിനപ്പുറം സംഗീത സാന്ദ്രമായ ഒരു സാംസ്കാരിക സായാഹ്നമാണ് ദൃശ്യ ഒരുക്കുന്നത്.