തൃശ്ശൂർ: 8 കോടി രൂപ പൂർണ്ണമായും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആകാശ പാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാത്തത് ശരിയല്ലെന്നും വി മുരളീധരനെ വിളിക്കേണ്ടതായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് തൃശ്ശൂർ കോർപറേഷൻ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ സന്തോഷമുണ്ട്. പക്ഷെ ഫണ്ട് അനുവദിച്ച് നൽകുന്ന കേന്ദ്ര സർക്കാരിനോട് സ്മരണ വേണമെന്നും പദ്ധതിയുടെ പേര് എഴുതി വെക്കുന്ന രീതി കേന്ദ്ര സർക്കാർ പദ്ധതികളിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചാൽ പദ്ധതികൾ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പൊതുജനം അറിയുമെന്നും അതിൽ എന്താണ് തെറ്റെന്നും സംസ്ഥാന മന്ത്രിമാർക്കൊപ്പം കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്നതല്ലേ ശരിയെന്നും അദ്ദേഹം ചോദിച്ചു? കേന്ദ്ര സർക്കാർ അമൃത് പദ്ധതി പ്രകാരം 2016ൽ 270 കോടിയും 2022 ൽ 251 കോടിയും അനുവദിച്ചു.ഈ ഫണ്ട് ഉപയോഗിച്ചാണ് പീച്ചി കുടിവെള്ള പദ്ധതി, 20 MLT വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, ഫുട്പാത്ത് നിർമ്മാണം, 30 കുളങ്ങളുടേയും ജലാശയങ്ങളുടേയും ശുചീകരണം, കുടിവെള്ള വിതരണം, മലിനജല ശുചീകരണ പ്ലാൻ്റ്, വൈദുതി വിളക്കുകൾ എന്നിവ സ്ഥാപിച്ചത്. ഇതിൻ്റെയൊന്നും ഉദ്ഘാടനങ്ങൾക്ക് കേന്ദ്രമന്ത്രിമാരെ വിളിച്ചിട്ടില്ല.കോർപറേഷൻ്റെ വികസനത്തിന് വേണ്ടി തുടർന്നും കേന്ദ്ര ഫണ്ട് പരമാവധി ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും മത്സ്യ മാർക്കറ്റിൽ അനുവദിച്ച ഒരു കോടി രൂപ മേയർ വാഗ്ദാനം ചെയ്ത പ്രകാരം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആകാശ പാത സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദർശന ശേഷം മേയറെ വിളിച്ച് ആകാശ പാതയുടെ സമീപമുള്ള ദുർഗന്ധത്തിൻ്റെ കാരണം അന്വേഷിച്ച് ആരോഗ്യ വകുപ്പിനെക്കൊണ്ട് സത്വര നടപടിയെടുപ്പിക്കാൻ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ഹരി, ജില്ലാ ഭാരവാഹികളായ ബിജോയ് തോമസ്, സുരേന്ദ്രൻ അയിനിക്കുന്നത്ത്, ഡോ ആതിര, പൂർണ്ണിമ സുരേഷ്, വിൻഷി അരുൺകുമാർ, വിനോദ് പൊള്ളാഞ്ചേരി, മണ്ഡലം പ്രസിഡൻറുമാരായ രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത്, നിജി കെ.ജി, രാധിക എന്നിവരും അദ്ദേഹത്തോടൊപ്പം ആകാശ പാത സന്ദർശിച്ചു.