ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ഗുരുവായു ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന അഷ്ടമി രോഹിണി ഭാഗവത സപ്താഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ തുടക്കമായി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണ സമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി.
ഗുരുവായൂർ കേശവൻ നമ്പൂതിരി, ഡോ വി അച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഈശ്വരൻ നമ്പൂതിരി (പൂജകൻ) എന്നിവരാണ് യജ്ഞാചാര്യന്മാർ.
ശനിയാഴ്ച മാഹാത്മ്യ പാരായണത്തോടെയാണ് സപ്താഹം തുടങ്ങിയത്. ഞായറാഴ്ച മുതൽ സെപ്റ്റംബർ 9 ശനിയാഴ്‌ച വരെ ദിവസവും രാവിലെ 11 നും ഉച്ചതിരിഞ്ഞ് 2.30 ന് ഭക്തിപ്രഭാഷണവും ഉണ്ടാകും. ഭദ്രദീപ പ്രകാശന ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി രാധിക, പബ്ലിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ എന്നിവർ സന്നിഹിതരായി.