ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 20ന് ഞായറാഴ്ച്ച നടക്കുന്ന വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള പ്രധാന ഗണേശ വിഗ്രഹം, 17 ന് വൈകീട്ട് 4.30 ന് ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് എത്തിച്ചേരുമെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മജ്ഞുളാല്‍ പരിസരത്തുനിന്ന് വാദ്യമേളങ്ങളോടും, താലപ്പൊലിയോടും കൂടി വിവിധ സംഘടനകളും, സമുദായങ്ങളും ചേര്‍ന്ന് സ്വീകരിച്ച് ഹാരാര്‍പ്പണം നടത്തും. തുടര്‍ന്നുളള ഭക്തി പ്രഭാഷണത്തിന് ശേഷം പ്രൗഢ ഗംഭീരമായ ഭക്തി ഘോഷയാത്രയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി ഗണേശ വിഗ്രഹം സ്ഥാപിയ്ക്കും. ക്ഷേത്രനടയില്‍ പ്രതിഷ്ഠിയ്ക്കുന്ന വിഗ്രഹത്തില്‍ മൂന്ന് ദിവസം ഗണപതിഹോമം, ഭജന, ദീപാരാധന എന്നിവ നടത്തി വിഗ്രഹം ചൈതന്യവത്താക്കി നിമജ്ജന യോഗ്യമാക്കും. കഴിഞ്ഞ 29 വര്‍ഷമായി നടത്തപ്പെടുന്ന ഗണേശോത്സവം, ഇത്തവണ വളരെ വിപുലമായ രീതിയിലാണ് നടത്തുന്നത്.
വിനായക ചതുര്‍ത്ഥി ദിനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയിലെത്തും. തുടര്‍ന്ന് ഉച്ചക്ക് ഒന്നരയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിനായക തീരത്തേയ്ക്ക് നിമജ്ജന ഘോഷയാത്ര പുറപ്പെടും. നൂറില്‍പരം ഗണപതി വിഗ്രഹങ്ങളും, പതിനായിരക്കണക്കിന് ഭക്തജനങ്ങളും ഘോഷയാത്ര, ഗുരുവായൂര്‍, മുതുവട്ടൂര്‍, ചാവക്കാട് വഴി ചാവക്കാടുള്ള വിനായക തീരമായ ദ്വാരക ബീച്ചില്‍ എത്തിചേര്‍ന്ന് വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യും. വിഗ്രഹ നിമജ്ഞനത്തിനുശേഷം ദ്വാരക ബീച്ചില്‍ നടക്കുന്ന സമാപന സമ്മേളനം, ഗണേശോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. അയ്യപ്പ സേവ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ വി.കെ. വിശ്വനാഥന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രധാന ഗണേശ വിഗ്രഹത്തിനു മുന്‍പില്‍ ഭക്തജനങ്ങള്‍ക്ക് മുട്ടിറക്കുന്നതിനും, മറ്റു വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു വാര്‍ത്താ സമ്മേളത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ കെ എസ് പവിത്രന്‍, ടി പി മുരളി, പി വത്സലന്‍, രഘു ഇരിങ്ങപ്പുറം, ദീപക് ഗുരുവായൂര്‍, ലോഹിതാക്ഷന്‍, എം വി രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.