കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. പിഎസ്സി പരീക്ഷകള്‍ക്കും കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്കും മാറ്റമില്ല.
വയനാട് ജില്ലയില്‍ എംആര്‍എസ് സ്‌കൂളുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. അവധി ദിവസങ്ങളില്‍ കുട്ടികള്‍ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാന്‍ പോകുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. പേരിയ പുഴ കരകവിഞ്ഞൊഴുകിയതോടെ വയനാട് തവിഞ്ഞാലില്‍ വ്യാപക കൃഷിനാശമുണ്ടായി. കണ്ണൂര്‍ ഉളിക്കലിന് സമീപം വനഭാഗത്ത് ഉരുള്‍പൊട്ടി. തൃശൂര്‍ പനമുക്കില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തകര്‍ത്തു പെയ്ത മഴയില്‍ വടക്കന്‍ വയനാട്ടിലെ വിവിധ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പേരിയ പുഴയില്‍ വെള്ളം കയറിയത് തവിഞ്ഞാലില്‍ വ്യാപക കൃഷിനാശത്തിനിടയാക്കി. കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വേങ്ങപ്പള്ളി ചാമുണ്ടം കോളനിയിലെ 49 പേരെ, വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് തൃക്കണ്ണാട് മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീണു.
കണ്ണൂര്‍ ഉളിക്കലിന് സമീപം വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. കര്‍ണാടക വനഭാഗത്താണ് ഉരുള്‍പൊട്ടിയത്. പേരാവൂര്‍ തെറ്റുവഴിയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് വാണിമേലില്‍ കനത്ത മഴയില്‍, വടക്കേ പറമ്പത്ത് കണ്ണന്റെ വീട് പൂര്‍ണമായും തകര്‍ന്നു. പേരാമ്പ്രയില്‍ വീടിന് മുകളില്‍ മരം വീണു. മലപ്പുറത്തും മലയോര മേഖലയില്‍ ഒറ്റപ്പെട്ട മഴ തുടരുകയാണ്. തൃശൂര്‍ പനമുക്കില്‍ വഞ്ചിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ആഷിക്കാണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ശക്തമായി പെയ്ത മഴയ്ക്ക് എറണാകുളത്ത് ശമനമുണ്ട്. എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷന് സമീപത്ത് റോഡിലേക്ക് കടപുഴകി വീണ മരം, ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്തു.