ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ വികസനത്തിൽ എംപിയുടെ നിസംഗത ആരോപിച്ചുകൊണ്ടുള്ള ഇടതുപക്ഷ ജനപ്രതിനിധികളുടെ സമര പരിപാടി വെറും രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ടി എൻ പ്രതാപൻ എംl പി വ്യക്തമാക്കി. തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ ക്ഷേത്ര നഗരിയായ ഗുരുവായൂരിലെ റെയിൽവെ സ്റ്റേഷൻ വികസനത്തിന് എം പി യായി തെരഞ്ഞെടുത്തതു മുതൽ വളരെയേറെ തീവ്രശ്രമങ്ങൾ നടത്തിവരുന്നതാണ്, ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ വികസനത്തിനായി പ്രധാനമന്ത്രിയോടും റെയിൽവെ വകുപ്പ് മന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. പാർലിമെന്റിൽ വിഷയം ഉന്നയിച്ചു, ദക്ഷിണ റെയിൽവെ ജനറൽ മാനേജർ വിളിച്ചുചേർത്ത എം പി മാരുടെ റെയിൽവെ വികസനവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും തിരുവനന്തപുരം ഡിവിഷൻ റെയിൽവെ മാനേജരുമായുള്ള തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ റെയിൽവെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ വികസനം പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്തു. ഇതെല്ലാം തന്നെ പത്ര ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതുമാണ്.
1995-96 ലെ റെയിൽവെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഗുരുവായൂർ – തിരുനാവായ പാത പൂർണ്ണമായും റെയിൽവേയുടെ ചെലവിൽ നിർമ്മിയ്ക്കുവാൻ തയ്യാറായതാണ്. ഗുരുവായൂർ-തിരുനാവായ അലൈൻമെന്റിന് 2009 ൽ കേരള സർക്കാർ ഇത് അംഗീകാരം നൽകി. തുടർന്ന് പലവട്ടം ഇത് റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ആ പാതയുടെ ഫൈനൽ ലൊക്കേഷൻ സർവ്വേ തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ മുതൽ കുന്ദംകുളം വരെ 8 കിലോമീറ്റർ പൂർത്തീയായെങ്കിലും അവിടെ നിന്നും തിരുനാവായ വരെ മലപ്പുറം ജില്ലയിൽ ചില പ്രാദേശിക എതിർപ്പുകളെ തുടർന്ന് സർവ്വേ നടത്താനായിട്ടില്ല. പലവട്ടം സർവ്വേയ്ക്കായി റെയിൽവേ ശ്രമിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തതിനാൽ സർവ്വേ നടത്താനായില്ല. ഈ താല്പര്യക്കുറവ് കാരണം ഇപ്പോൾ റെയിൽവേ പ്രസ്തുത പദ്ധതി മരവിപ്പിച്ചിരിയ്ക്കുകയാണ്. അത് കാരണം ഗുരുവായൂരിലെ യാർഡ് വികസനവും അനുബന്ധ പ്രവർത്തികളും നടക്കുന്നില്ല. സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി മലപ്പുറം ജില്ലയിലെ സർവ്വെ നടപടി പൂർത്തീകരിക്കുന്നതിനാണ് ഇടതുപക്ഷ ജനപ്രതിനിധികൾ ശ്രമിക്കേണ്ടത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ട്രെയിനുകൾ പുനരാരംഭിക്കുന്നതിന് റെയിൽവെ വകുപ്പ് മന്ത്രിക്കും റെയിൽവെ ബോർഡിനും നിരവധി കത്തുകൾ നൽകി ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂരിൽ നിന്നും വൈകീട്ട് തൃശ്ശൂരിൽ പോയി മടങ്ങുന്ന ഒരു തീവണ്ടിയൊഴിച്ച് മറ്റെല്ലാ വണ്ടികളും പുന:സ്ഥാപിപ്പിച്ചിട്ടുണ്ട്. പ്രസ്തുത വണ്ടി കൂടി ഓടിയ്ക്കുകയും അതോടൊപ്പം ഗുരുവായൂരിനും തൃശ്ശൂരിനുമിടയിൽ ഓരോമണിക്കൂറിലും ഒരു വണ്ടി വീതം ഓടുന്ന വിധത്തിൽ മെമുവോ റെയിൽ ബസ്സോ ഓടിയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
ഗുരുവായൂരിൽ മാത്രമല്ല, കൊവിഡിന് ശേഷം രാജ്യത്താകമാനമുള്ള എല്ലാ പാസഞ്ചർ വണ്ടികളും എക്സ്പ്രസ്സ് സ്പെഷ്യലുകളായാണ് ഇപ്പോൾ ഓടുന്നത്. ഈ പൊതു വിഷയത്തിൽ പ്രതിപക്ഷമൊന്നാകെ പാർലിമെന്റിലും പുറത്തും ഒന്നിച്ച് നിന്ന് നിരന്തരം പോരാടുന്നുണ്ട്.
ഗുരുവായൂർ ക്ഷേത്ര നഗരിയിലെ റെയിൽവെ സ്റ്റേഷൻ വികസനത്തിന് വേണ്ടി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾ തെരഞ്ഞെടുത്തതിൽ ഗുരുവായൂരിനെയും ഉൾപ്പെടുത്തി. പുതിയ സ്റ്റേഷൻ മന്ദിരത്തിന്റെ രൂപരേഖയും രേഖാചിത്രവും ഇതിനകം റെയിൽവേ പുറത്ത് വിട്ടിട്ടുണ്ട്. അത് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
മേൽപ്പറഞ്ഞ വിഷയങ്ങൾക്ക് പുറമെ പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി ഗുരുവായൂരിൽ നിന്നും വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പുതിയ തീവണ്ടികൾ ആരംഭിയ്ക്കണമെന്നും നിരന്തരം റെയിൽവേയോട് ആവശ്യപ്പെട്ടുവരികയാണ്.
ഗുരുവായൂർ മേല്പാലം, തിരുവെങ്കിടം അടിപ്പാത തുടങ്ങിയ ആവശ്യങ്ങളിൽ എല്ലാ തലങ്ങളിലു മുള്ള റെയിൽവേ ഉദ്യോഗസ്ഥരുമായും നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്.
എം പി ആവശ്യപ്പെട്ടത് പ്രകാരം ഇക്കഴിഞ്ഞ ദിവസം ഗുരുവായൂർ സന്ദർശിച്ച തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്കും മേൽക്കാണിച്ച എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തിയ കത്ത് നൽകിയിട്ടുള്ളതാണ്. ഗുരുവായൂർ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി അവലോകനം ചെയ്യുകയും മേൽപ്പാലത്തിനുള്ള ഗർഡറുകൾ എത്തി ചേരാത്ത വിവരം DRM ന്റെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തു. ഗർഡറുകൾ കൊണ്ടുവരുന്നതിനുള്ള ആർഡി എസ് ഒ യുടെ അനുമതി ഉടൻ ലഭ്യമാക്കി നിർമ്മാണം തുടങ്ങാൻ DRM ഇടപെടുന്നാതാ ണെന്നറിയിക്കുകുയും ചെയ്തു.
ഇത്രയേറെ വികസന പ്രവർത്തനങ്ങൾ ഗുരുവായൂർ സ്റ്റേഷനിൽ നടക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എം എൽഎ ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്. പൊതുജനങ്ങൾ ഈ നാടകം തിരിച്ചറിയുമെന്നു ഓർക്കണമെന്നുകൂടി ടി എൻ. പ്രതാപൻ എം പി അറിയിച്ചു.