ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ വികസനം കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കുക, തൃശൂർ എം പി ടി എൻ പ്രതാപന്റെ നിസ്സംഗത അവസാനിപ്പിക്കുക, ഗുരുവായൂർ റെയിൽവേ വടക്കോട്ടുള്ള അലൈൻമെന്റിന് മതിയായ തുക വകയിരുത്തുക, റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കുക, ഗുരുവായൂരിൽ നിന്നുള്ള പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ്സ് ട്രെയിനാക്കി യാത്രാനിരക്കുകൾ മൂന്നിരട്ടിയായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം സാധ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗുരുവായൂർ എം എൽ എ എൻ.കെ അക്ബറിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജന പ്രതിനിധികളുടെ ഏകദിന സത്യഗ്രഹ സമരം നടത്തുന്നു.
2023 ജൂലായ് 26 ബുധൻ കാലത്ത് 10 മണി മുതൽ വൈകീട്ട് 5 മണി വരെ ഗുരുവായൂർ കിഴക്കേ നടയിൽ നടക്കുന്ന സത്യഗ്രഹം എം എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി എൻ ജയദേവൻ, എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ സംസാരിക്കും. പി ഐ. സൈമൺ മാസ്റ്റർ, എം മോഹൻദാസ്, ഇ പി സുരേഷ്, പി കെ സെയ്താലിക്കുട്ടി, റോബിൻ മുട്ടത്ത്, സി കാദർ, ടി പി ഷാഹു എന്നീ പ്രമുഖനേതാക്കൾ പങ്കെടുക്കുമെന്ന് എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.