എകെ ആന്റണി ഇല്ലാതെ പൂർത്തിയാകില്ല ഉമ്മൻചാണ്ടിയുടെ ജീവചരിത്രം. അതുപോലെ ഉമ്മൻചാണ്ടി ഇല്ലാതെ ഒരു താളു പോലും മുന്നോട്ടു പോകില്ല എകെ ആന്റണിയുടെ ജീവിതകഥയും. ഈ രണ്ടുപേരുമില്ലാതെ അപൂർണമാണ് കേരളത്തിന്റെയും കോൺഗ്രസിന്റെയും അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അത്യപൂർവമായ സഹവർത്തിത്തത്തിന്റെ കഥ കൂടിയാണിത്.
സ്വാതന്ത്ര്യ സമര സേനാനികളുടെ തലമുറയ്ക്കു ശേഷം കോൺഗ്രസിലേക്കു മാറ്റം കൊണ്ടുവന്ന മൂന്നു നേതാക്കളായിരുന്നു വയലാർ രവിയും എ കെ ആന്റണിയും പിന്നെ ഉമ്മൻചാണ്ടിയും. രവിയും ആന്റണിയും കെഎസ്‌യു കാലം മുതൽ ഒന്നിച്ചും പരസ്പരം മൽസരിച്ചും മുന്നേറിയപ്പോൾ മറുവശത്ത് ആന്റണിയും ഉമ്മൻചാണ്ടിയും എക്കാലത്തും ഒന്നിച്ചായിരുന്നു.
1964ൽ കേരളാ കോൺഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം കോൺഗ്രസിൽ ഉണ്ടായ ഏറ്റവും വലിയ പിളർപ്പ് ആന്റണി – കരുണാകരൻ ഗ്രൂപ്പുകളായിരുന്നു. ഒരു പാർട്ടിയിൽ നിൽക്കുമ്പോഴും ആശയപരമായും നേതൃത്വപരമായും എന്നും രണ്ടു തട്ടിലായിരുന്നു ഇരു വിഭാഗങ്ങളും. എ ഗ്രൂപ്പ് എന്ന് പിന്നീട് അറിയപ്പെട്ട ആന്റണി ഗ്രൂപ്പ് ഉണ്ടാക്കിയതും നയിച്ചതും കൊണ്ടു നടന്നതും എക്കാലത്തും ഉമ്മൻചാണ്ടിയായിരുന്നു. അരശ് കോൺഗ്രസിലേക്കും ആൻറണി കോൺഗ്രസ് രൂപീകരിച്ച് ഇടതുമുന്നണിയിലേക്കും. ശേഷം അതിവേഗം തിരികെ കോൺഗ്രസിലേക്ക്. ഈ ഘട്ടങ്ങളിലെല്ലാം നിർണായകമായത് ഉമ്മൻചാണ്ടിയുടെ തന്ത്രങ്ങളാണ്.
വർഷം 1970. മൂന്നു ഭാവി മുഖ്യമന്ത്രിമാരാണ് ഒന്നിച്ച് നിയമസഭയിലേക്ക് ആദ്യമായി എത്തിയത്. മുപ്പതുകാരനായ എ കെ ആൻറണി, ഇരുപത്തിയേഴുകാരനായ ഉമ്മൻചാണ്ടി, ഇരുപത്തിയഞ്ചുകാരനായ പിണറായി വിജയൻ. മുപ്പത്തിരണ്ടാം വയസ്സിൽ 1972ൽ എ കെ ആൻറണി ഏറ്റവും പ്രായം കുറഞ്ഞ കെപി സിസി പ്രിസഡൻറാകുമ്പോൾ മാത്രമല്ല 1977ൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകുമ്പോഴും മുന്നുവയസ്സിന് ഇളപ്പമായ ഉമ്മൻചാണ്ടിയായിരുന്നു ശക്തികേന്ദ്രം. 1995ൽ ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയനായി കരുണാകരൻ പുറത്തുപോകുമ്പോൾ സംശയമുന ഉയർന്നത് ആൻറണിക്കു നേരേ ആയിരുന്നില്ല, ഉമ്മൻചാണ്ടിക്കു നേരെ ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി രണ്ടായിരത്തി ഒന്നിൽ എ കെ ആൻറണി അധികാരത്തിലെത്തുമ്പോഴും രണ്ടാമൻ നിസംശയം ഉമ്മൻചാണ്ടിയായിരുന്നു
രണ്ടുവട്ടം കരുണാകരനു പകരക്കാരനായി ആൻറണിയെ കൊണ്ടുവന്ന ഉമ്മൻചാണ്ടി 2004ൽ ആൻറണിയുടെ പകരക്കാരനായി. പിന്നെ ഡൽഹിയിൽ ദേശീയ രാഷ്ട്രീയത്തിൻറെ താക്കോൽ സ്ഥാനത്ത് എ കെ ആൻറണിയും തിരുവനന്തപുരത്ത് കേരള രാഷ്ട്രീയത്തിൻറെ താക്കോൽ സ്ഥാനത്ത് ഉമ്മൻചാണ്ടിയും. ഒന്നരപതിറ്റാണ്ടിലേറെ തുടർന്നു ആ അപൂർവ സമവാക്യം.