ഗുരുവായൂർ: ഗുരുവായൂരിൻ്റെ മുഖശ്രീയായ മഞ്ചുളാൽത്തറയും ഗരുഡശിൽപവും പുനർനിർമ്മിക്കുന്നു. ഗുരുവായൂരിലേക്ക് തീർത്ഥാടകരെ വരവേൽക്കാൻ ചിറകു വിടർത്തി നിൽക്കുന്ന പുതിയ വെങ്കല ശിൽപവും സജ്ജമാകും. കാലപ്പഴക്കവും അപചയവും കാരണമാണ് മഞ്ചുളാൽത്തറ നവീകരിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.
പുനർ നിർമ്മിക്കുന്ന മഞ്ചുളാൽത്തറയുടെയും ഗരുഡശിൽപത്തിൻ്റെയും ചെറുമാതൃക ദേവസ്വം ഭരണസമിതി കണ്ട് വിലയിരുത്തി. ശ്രീവൽസം അനക്സ് ഹാളിലാണ് മാതൃകാ രൂപം പ്രദർശിപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നിർദ്ദിഷ്ട മഞ്ചുളാൽത്തറയുടെയും ഗരുഡ ശിൽപത്തിൻ്റെയും മാതൃകാ രൂപം അനാവരണം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ആറു മാസത്തിനകം പുതിയ മഞ്ചുളാൽത്തറയും വെങ്കല ശിൽപവും നിർമ്മിച്ച് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു. ഉണ്ണി കാനായി ആണ് ശിൽപി. വേണു കുന്നപ്പള്ളിയെന്ന ഭക്തനാണ് മഞ്ചുളാൽത്തറയും വെങ്കല ഗരുഡശിൽപവും വഴിപാടായി നിർമ്മിച്ച് സമർപ്പിക്കുന്നത്.