മറുനാടൻ മലയാളി ഉടമ ഷാജന് സ്കറിയക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി. പി.വി ശ്രീനിജൻ എംഎൽഎയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നതിന് എസ്സി/എസ്ടി ആക്ട് പ്രകാരം ക്രിമിനല്‍ കേസില്‍ ഷാജന് സ്കറിയയുടെ മുൻ കൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, ഷാജനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു.
കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് ഷാജൻ സ്കറിയ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പരാതിക്കാരന് എസ്സി അംഗമായതിനാലും മോശമായ എന്തെങ്കിലും പറഞ്ഞതിനാലും അത് പരാതിക്കാരന്റെ ജാതി നിലയെ ബാധിക്കില്ല. ജാതിയുടെ പേരില്‍ പ്രതി അപമാനിച്ചതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഷാജന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരമാകാം, എന്നാല്‍ ഇത് എസ്സി/എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളല്ല. ഭാര്യാപിതാവ് (പരാതിക്കാരന്റെ), ജുഡീഷ്യറി തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം എന്തെങ്കിലും പറഞ്ഞത് മോശമാണ്, എന്നാല്‍ , SC-ST ആക്ട് നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയിൽ ശ്രീനിജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി ഗിരി, വീഡിയോയുടെ പകര്‍പ്പ് കോടതിക്ക് നല്‍കിയിരുന്നു.
അതേസമയം, മറുനാടൻ മലയാളിക്കെതിരായ വേട്ടയാടലിൽ പോലീസിനെ രൂക്ഷമായ ഭാഷയിൽ കേരള ഹൈക്കോടതിയും വിമർശിച്ചിരുന്നു. മംഗളം പത്രത്തിന്റെ പത്തനംതിട്ട ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജി. വിശാഖന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ പൊലീസ് തിരിച്ച് കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയെ പിടികൂടാനുള്ള റെയ്ഡിന്റെ ഭാഗമായാണ് വിശാഖന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തതത്. ഇങ്ങനെ പോയാല്‍ പൊലീസ് മറുനാടന്‍ മലയാളി ഉടമ ഷാജനെ വിളിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു.
അന്വേഷണസംഘം തന്റെ മൊബൈൽ പിടിച്ചെടുത്തതിന് പിന്നാലെ വിശാഖന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഷാജന് സ്കറിയയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ മറ്റു മാധ്യമപ്രവര്‍ത്തകരെ എന്തിനാണ് വേട്ടയാടുന്നതെന്ന് ആരാഞ്ഞു. ജി.വിശാഖന് ഒരു മാധ്യമപ്രവര്‍ത്തകനാണ്. അയാള്‍ ഒരു ക്രിമിനല്‍ കേസിലെങ്കിലും പ്രതിയാണെങ്കില്‍ കോടതിക്ക് പൊലീസിന്റെ ഈ നടപടി മനസിലാകുമായിരുന്നു. എന്നാൽ പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പൊലീസിന് പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും ചോദിക്കുകയുണ്ടായി.