ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് വർഷം തോറും സുഖചികിൽസ നൽകുന്ന ഗുരുവായൂർ ദേവസ്വം പ്രവർത്തനം നാട്ടാന പരിപാലനത്തിലെ അനുകരണീയ മാതൃകയാണെന്ന് മൃഗസംരക്ഷണം, മൃഗശാല ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കാട് പോലെ ഒരു ആവാസവ്യവസ്ഥ പരിപാലിച്ച് നാട്ടാനകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന വാർഷിക സുഖചികിൽസയുടെയും നാട്ടാന പരിപാലനം – ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ഗുരുവായൂരിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് വനം, ദേവസ്വം, മൃഗസംരക്ഷണം വകുപ്പുകൾ ആലോചിക്കണം. ഗുരുവായൂർ ദേവസ്വം നിവേദനം നൽകിയാൽ ഈ കാര്യത്തിൽ തുടർനടപടികൾക്കായി സർക്കാർ യോഗം വിളിച്ചു ചേർക്കും. മനുഷ്യരുടേതു പോലെ മൃഗങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുന്ന സർക്കാരാണിത്.ദേവസ്വം ആവശ്യപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ സേവനം വിട്ടു നൽകുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ നാട്ടാന പരിപാലനവും വന്യജീവി സംരക്ഷണവും എന്ന വിഷയത്തിൽ ജീവധനം വിദഗ്ധ സമിതി അംഗം ഡോ പി ബി ഗിരിദാസ്, വനം വകുപ്പ് റേഞ്ച് ഓഫീസർ രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡി എ
ഇ എസ് മായാദേവി, അസി മാനേജർ എം കെ സുരേഷ് ,ജീവ ധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗവും മുൻ എം പിയുമായ ചെങ്ങറ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ദേവസ്വം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇ എസ് മായാദേവി നന്ദി രേഖപ്പെടുത്തി.