ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന വാർഷിക സുഖചികിൽസയുടെയും നാട്ടാന പരിപാലനം – ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ഗുരുവായൂരിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ദേവസ്വം കൊമ്പൻ ബാലകൃഷ്ണന് ഔഷധ ചോറുരുള നൽകി സുഖചികിൽസയ്ക്ക് മന്ത്രി തുടക്കമിട്ടു.
ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 41ആനകളിൽ 23 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കുന്നുണ്ട്. 18 ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാIരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ.
ആനകളുടെ സുഖചികിൽസക്കായി 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3690 കിലോ അരി,1230 കിലോ ചെറുപയർ / മുതിര,1230 കിലോ റാഗി,123 കിലോ അഷ്ട ചൂർണ്ണം, 307.5 കിലോ ച്യവനപ്രാശം,123 കിലോ മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.
ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡി എ ഇ എസ് മായാദേവി, അസി മാനേജർ എം കെ സുരേഷ് ,ജീവ ധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദേവസ്വം ഭരണസമിതി അംഗവും മുൻ എം പിയുമായ ചെങ്ങറ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ദേവസ്വം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇ എസ് മായാദേവി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നാട്ടാന പരിപാലനവും വന്യജീവി സംരക്ഷണവും എന്ന വിഷയത്തിൽ ജീവധനം വിദഗ്ധ സമിതി അംഗം ഡോ പി ബി ഗിരിദാസ്, വനം വകുപ്പ് റേഞ്ച് ഓഫീസർ രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
.