ഗുരുവായൂർ: ക്ഷേത്രാവശ്യത്തിന് ദേവസ്വം നിർമിച്ച നാല് ഭീമൻ നാലുകാതൻ ചരക്കുകൾ (വാർപ്പ്) ഗുരുവായൂരപ്പ സന്നിധിയിലെത്തി. മാന്നാറിൽ ശിൽപ്പി ശിവാനന്ദന്റെ നേതൃത്വത്തിൽ നിർമിച്ച വാർപ്പുകൾ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊണ്ടുവന്നത്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയന്റെ നേതൃത്വത്തിൽ അധികൃതർ സ്വീകരണം നൽകി.
1,200 ലിറ്റർ പാൽപ്പായസമുണ്ടാക്കാൻ കഴിയുന്ന 2,400 കിലോ തൂക്കമുള്ള നാല് കൂറ്റൻ വാർപ്പുകളിൽ മൂന്നെണ്ണം അന്നലക്ഷ്മി ഹാളിലെ അഗ്രശാലയിൽ സ്ഥാപിച്ചു. ഒന്ന് തെക്കേനടയിലും.പ്രസാദ ഊട്ടിന് പായസമടക്കമുള്ള വിഭവങ്ങൾ തയ്യാറാക്കാൻ വാർപ്പുകൾ ഉപയോഗിക്കും. ക്ഷേത്രത്തിനകത്ത് പാൽ പായസം തയ്യാറാക്കാൻ മൂന്ന് വലിയ വാർപ്പുകളുണ്ട്. എല്ലാം 1,200 ലിറ്ററിലേറെ പായസം തയ്യാറാക്കാൻ കഴിയുന്നവയാണ്. ഇതോടെ സന്നിധിയിൽ 7 കൂറ്റൻ വാർപ്പുകളായി.
ക്ഷേത്രത്തിലെ പഴയ ഉപയോഗശൂന്യമായ വെള്ളോടിന്റെ ചരക്കുകൾ ഉടച്ചുവാർത്താണ് പുതിയ വാർപ്പുകൾ നിർമിച്ചത്. ഇനി 750, 500 കിലോയുടെ രണ്ടെണ്ണം വീതവും 250-ന്റെ നാലെണ്ണവും കൊണ്ടുവരാനുണ്ട്.