കല്ലാറ്റ് കുറുപ്പന്മാരുടെ പാരമ്പര്യകലയായ കളമെഴുത്തും പാട്ടും പൗരാണിക അനുഷ്‌ഠാനകലയാണ്. പ്രകൃതിദത്തമായ പഞ്ചവർണപൊടികൾ അരിപൊടി, മഞ്ഞൾപൊടി, മഞ്ഞൾ ചുണ്ണാമ്പ് ചേർത്ത് ചുവപ്പ്, ഉമിക്കരി കറുപ്പ്, മഞ്ചാടിമരത്തിന്റെ ഇല ഉണക്കിപൊടിച്ച പച്ച. പഞ്ചഭൂതങ്ങൾ, പഞ്ചലോഹങ്ങൾ, പഞ്ചപ്രാണൻ എന്നിവയെ അടിസ്ഥാനപ്പെടുത്തി ദേവതാരൂപം വരച്ച് വേദം, ഗീതം, വാദ്യം, നൃത്തം, എന്നിങ്ങനെ ചതുർഉപായങ്ങളാൽ ആരാധന നടത്തി ദേവതയെ പ്രീതിപ്പെടുത്തി ഭക്തർക്ക് ഐശ്വര്യവും ക്ഷേത്രത്തിന് ചൈതന്യവർധനവും നേടികൊടുക്കുക എന്നതാണ് കളമെഴുത്തുപാട്ടിന്റെ അടിസ്ഥാന തത്വം. ഇതിലെ പ്രധാന ചടങ്ങാണ് നാളികേരം എറിയൽ
ദേവന്റെ പ്രതിരൂപമായ വെളിച്ചപ്പാട് കളം മായ്‌ക്കൽ ചടങ്ങിന്റെ ഇടക്കാണ് നാളികേരമെറിയൽ നടത്തുന്നത് മൂന്ന് നാളികേരം മുതൽ പന്ത്രണ്ടായിരത്തിഎട്ട് (12008)നാളികേരങ്ങളാണ് ഇങ്ങിനെ എറിഞ്ഞുടക്കുന്നത്. ചെണ്ട, താളം, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങളുടെ അകമ്പടിയിൽ ഏകാതാളത്തിലാണ് നാളികേരം എറിയുന്നത്. നാളികേരം എറിയൽ കഴിഞ്ഞ് വെളിച്ചപ്പാട് കളം പൂർണമായും മാച്ചശേഷം ഭക്തർക്ക് അരുളപ്പാടുനൽകി. കളപ്പൊടി പ്രസാദമായി നൽകി കൂറവലിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനം കുറിക്കുന്നു.
വെട്ടെക്കൊരുമകൻ, വെട്ടെക്കരൻ(കരുമൻ) ശാസ്താവ്. അന്തിമഹാകാളൻ, ത്രിപുരാന്തകൻ, എരഞ്ഞി പുരാന്തകൻ, പരേണൻ, ആര്യനമ്പി, ക്ഷേത്രപാലൻ, വീരഭദ്രൻ, തുടങ്ങിയ ശൈവ മൂർത്തികൾക്കാണ് നാളികേരമേറ് എന്ന ചടങ്ങ് നടത്തുന്നത്. ഭദ്രകാളി, രുധിരമാഹാകാളി, നീലവട്ടാരി, അന്തിമലയാര് തുടങ്ങിയ മൂർത്തികൾക്ക് കളമെഴുത്തും പാട്ടും നടത്തുമ്പോൾ നാളികേരമെറിയൽ പതിവില്ല. ദേവതക്കുമുമ്പിൽ ഭക്തരുടെ കഷ്ടതകളെ എറിഞ്ഞുടച്ച് ഇല്ലാതാക്കുക എന്നതാണ് നാളികേരമെറിയലിന്റെ അടിസ്ഥാനം