ഗുരുവായ: മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ സി സി ഓഫീസറുമായ മേജർ പി ജെ സ്റ്റൈജുവിന്റെ ലഹരിക്കെതിരെയുള്ള പുസ്തക ചങ്ങാത്ത പദ്ധതി 75 സ്കൂളിൽ പൂർത്തിയായി. തൃശ്ശൂർ കാൽഡിയൻ സ്കൂളിൽ നടന്ന 75-ാം പുസ്തക വിതരണ ഉദ്ഘാടനം തൃശൂർ സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ നിർവഹിച്ചു.
ലോക ലഹരി വിരുദ്ധ ദിനമായ 2022 ജൂൺ 26ന് വാടാനപ്പള്ളി സൗത്ത് മാപ്പിള യു പി സ്കൂളിൽ നിന്ന് ആരംഭിച്ച പദ്ധതി 2023 വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൽ 75 സ്കൂളുകൾ പൂർത്തിയായ സന്തോഷത്തിലാണ് മാസ്റ്റർ, വായനയിലൂടെ കുട്ടികളെ ലഹരിക്കെതിരെ അണിനിരത്തുന്ന പുസ്തക ചങ്ങാത്ത പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്റ്റൈജുവിനെ കവി സച്ചിദാനന്ദൻ താൻ രചിച്ച പക്ഷികൾ എന്റെ പിറകേ, വേനൽ മഴ, പല ലോകം പല കാലം തുടങ്ങിയ പുസ്തകങ്ങൾ സമ്മാനമായി നൽകി ആദരിച്ചു. കുട്ടികളിൽ ദിശാ ബോധം വളർത്താൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവയെ പ്രോത്സാഹിപ്പിക്കപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. മാസ്റ്ററുടെ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന കുടുംബാംഗങ്ങളെയും സദസ്സിൽ കവി അനുമോദിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ടി ടി പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ബി പ്രമോദ്, എ ഡി ആന്റു , ജിന്റോ പോൾ, അനന്യ പി എസ് തുടങ്ങിയവർ ആശംസകൾ നേർന്നു. പുസ്തക ചങ്ങാത്ത പദ്ധതിക്ക് പിന്തുണയുമായി വന്ന കവി സച്ചിദാനന്ദനെ മേജർ പി ജെ സ്റ്റൈജു പൊന്നാടയണിയിച്ച് ആദരിച്ചു.
വരും ദിവസങ്ങളിലും പുസ്തക ചങ്ങാത്ത പദ്ധതിയിലൂടെ വിവിധ വിദ്യാലയങ്ങളിൽ ലഹരിക്കെതിരെയുള്ള പോരാട്ടം തുടരാനുള്ള കരുത്താണ് കവി സച്ചിദാനന്ദൻ മാഷുടെ പുസ്തകങ്ങൾ ലഭിച്ചതിലൂടെ സംജാതമായതെന്ന് സ്റ്റൈജു മറുപടി പ്രസംഗത്തിൽ പറഞ്ഞു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാൽഡിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കലും പുസ്തക വിതരണവും പ്രതിജ്ഞയും നടന്നു.