ഗുരുവായൂർ: മണ്ഡലത്തിൽ ദേശീയപാത വികസന പ്രവർത്തികൾ മൂലം വിവിധ മേഖലകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. എൻ കെ അക്ബർ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.ഒരുമനയൂർ പഞ്ചായത്തിലെ വില്യംസ് , കനോലി കനാൽ , ഓവുചാൽ, കണ്ണ്കുത്തി പാലം ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പോക്കുലങ്ങര സെൻ്റർ, ചേറ്റുവ സ്കൂളിന് മുൻവശം തുടങ്ങിയ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ഉടൻ ആരംഭിക്കും. ചളി മൂലം വാഹനങ്ങൾ വഴുതിവീഴുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡ് തയ്യാറാക്കും.
മൂന്നാംകല്ല് പ്രദേശത്തെ സർവീസ് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അറിയിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുവാനും യോഗത്തിൽ തീരുമാനമായി. മുൻസിപ്പൽ ചെയർമാൻ, തഹസിൽദാർ, ദുരന്തനിവാരണ വകുപ്പുദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, എന്നിവരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരാതികൾ നൽകി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഹെൽപ്പ് ഡെസ്ക് ഒരുക്കുമെന്നും പ്രൊജക്റ്റ് ഡയറക്ടർ അൻസുൽ ശർമ്മ യോഗത്തെ അറിയിച്ചു. ചേറ്റുവ സ്കൂളിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിനുള്ള തടസ്സം അടിയന്തിരമായി നീക്കുന്നതിന് എംഎൽഎ പ്രോജക്ട് ഡയറക്ടറോഡ് ആവശ്യപ്പെട്ടു.
ചാവക്കാട് ടൗൺ മുതൽ ഒറ്റതെങ്ങുവരെയുള്ള പ്രദേശങ്ങളിൽ ദേശീയപാതയിൽ മൂടി പോയ ഡ്രൈനേജുകൾ തുറന്ന് വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.കൂടാതെ പ്രവർത്തനത്തിന്റെ ഭാഗമായി പൊട്ടുന്ന കുടിവെള്ള പൈപ്പുകൾ ശരിയാക്കി നൽകും .ദേശീയപാത വികസനം അതിവേഗതയിൽ നിർമ്മാണം പൂർത്തീകരിക്കാൻ വേണ്ട എല്ലാ സഹായങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ചാവക്കാട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ,പഞ്ചായത്ത് പ്രസിഡന്റുമാരായ സുശീല സോമൻ , വിജിത സന്തോഷ്, നാഷണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ അൻസുൽ ശർമ്മ,തീരദേശ ഹൈവേ ഉദ്യോഗസ്ഥർ,തദ്ദേശ സ്വയംഭരണ വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.