ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു മുന്നിൽ അരങ്ങേറിയ നാനൂറോളം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര കളി “കൃഷ്ണാർപ്പണം” ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ദേവസ്വം ഭരണ സമിതിയംഗം സി മനോജും നടുവിലെ നിലവിളക്കിൽ തിരി തെളിച്ചു.
തിരുവാതിരക്കളിയിൽ “പിന്നൽ തിരുവാതിര’ അടക്കം ഒട്ടേറെ മാറ്റങ്ങൾ വരുത്തിയ അധ്യാപിക, അന്തരിച്ച മാലതി ജി മേനോന്റെ സ്മരണയ്ക്കായി ശിഷ്യരാണ് “കഷ്ണാർപ്പണം’ എന്ന പേരിൽ മെഗാ തിരുവാതിരക്കളി അവതരിപ്പിച്ചത്.
ഗണപതിയെയും സരസ്വതിയെയും വന്ദിച്ച് പദം പാടി. കുറത്തിയും കുമ്മിയും ലക്ഷ്മി സ്വയം വരവും അവതരിപ്പിച്ചു. സ്വാഗതം കൃഷ്ണ… എന്ന കീർത്തനത്തിന് ശേഷം, വഞ്ചിപ്പാട്ടും മംഗളവും പാടിയതോടെ തിരുവാതിരക്കളി പൂർണമായി.
തിരുവാതിര നർത്തകിയും വലിയ ശിഷ്യ സമ്പത്തുള്ള ഗുരുവും ആയിരുന്ന അന്തരിച്ച മാലതി ജി മേനോന്റെ ആഗ്രഹം നിറവേറ്റാൻ ശിഷ്യരാണ് കണ്ണനു മുന്നിൽ മെഗാ തിരുവാതിര ഒരുക്കിയത് . ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥ അനിത അശോക്, മാലതി ജി മേനോന്റെ മകൾ റിട്ട. പ്രിൻസിപ്പൽ സുധാറാണി, അംബിക കൃഷ്ണൻ പള്ളുരുത്തിയുമായിരുന്നു വിവിധ ജില്ലകളിലെ നർത്തകിമാരെ ഏകോപിപ്പിച്ച് തിരുവാതിരക്കളി ഒരുക്കിയത്.
20 മിനിറ്റ് മെഗാ തിരുവാതിരയിലെ 7 പാട്ടുകൾ എഴുതിയത് അനിത അശോകാണ്. പ്രിയ അജിത് (പാട്ട്), ബാബു പള്ളുരുത്തി (മൃദംഗം), തൃപ്പൂണിത്തുറ ഹരി ( ഇടയ്ക്ക) എന്നിവർ പാട്ടും താളവും ഒരുക്കി.