ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ കലശത്തിന്റെ അഞ്ചാം ദിവസമായ വ്യാഴാഴ്ച ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ അഞ്ച് ഹോമകുണ്ഡങ്ങളിൽ പ്രായശ്ചിത്ത ഹോമം നടന്നു.
പ്രായശ്ചിത്ത ഹോമത്തിനു ശേഷം മഹാദേവന് ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് പ്രായശ്ചിത്ത ഹോമകലശാഭിഷേകവും ഉച്ചപൂജയും നടത്തി. വൈകീട്ട് മഹാവിഷ്ണുവിന് ശുദ്ധി ക്രിയകൾ, പ്രസാദശുദ്ധി, അസ്ത്ര കലശ പൂജ രാക്ഷോഘ്ന ഹോമം, വാസ്തുകലശപൂജ, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവയും ഉണ്ടായി.
ഭക്തി പ്രഭാഷണ പരമ്പരയിൽ ക്ഷേത്രങ്ങളിലെ പ്രശ്ന ചിന്ത എന്ന വിഷയത്തിൽ എടപ്പാൾ ഗോവിന്ദൻ മാസ്റ്ററുടെ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചു.