തൃശൂർ: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടതു സർക്കാരിനെതിരെ മന്ത്രി ആർ ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയിലെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ഠാണവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് റൌണ്ട് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇടതു വിദ്യാർത്ഥി – യുവജന സംഘടനകളുടെ നപടികളിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ മൗനം കേരളത്തിലെ വിദ്യാർത്ഥിസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഉന്നത വിദ്യഭ്യാസ വകുപ്പിൽ പുറത്തു വന്നു കൊണ്ടിരിക്കുന്ന അട്ടിമറികളുടെ ഉത്തരവാദിത്വത്തിൽ നിന്നും ആർ ബിന്ദുവിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും മന്ത്രി രാജിവെക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസ് ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ്മാരായ അഞ്ജിത ആളൂർ വിജീഷ് കൈപ്പറമ്പ് എന്നിവർക്ക് സാരമായി പരിക്കേറ്റു. യുവമോർച്ച തുശ്ശൂർ ജില്ല പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ല ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, കെ.ആർ ഹരി, ജില്ല സെക്രട്ടറി ലോചനൻ അമ്പാട്ട്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ നെടിയിരിപ്പിൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്മാരായ കൃപേഷ് ചെമ്മണ്ട, സുബീഷ് , അരുൺ, വിനോദ്, സജീവൻ പള്ളത്ത്, അനൂപ് എന്നിവർ പങ്കെടുത്തു. യുവമോർച്ച ജില്ല ഭാരവാഹികളായ അഡ്വ. ജിതിൻ, വി.ആർ സജിത്ത്, വിമൽ ചന്ദ് , ഗോകുൽ അശോകൻ, രാഹുൽ നന്തിക്കര, അജീഷ് പൈക്കാട്ട്, മണ്ഡലം പ്രസിഡന്റ്മാരായ അഖിൽദാസ്, ഹരിപ്രസാദ്, രാഖിൽ, കിരൺ, വിഷ്ണു, അഭിലാഷ് , പ്രസന്നൻ, രെഖിൽ, നന്ദകുമാർ, അരുൺ, അദീപ്, മനേഷ്, നിതിൻ, വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി.