ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ്റെ ആനകൾക്ക് കുടിക്കാൻ ഇനി ശുദ്ധീകരിച്ച ജലം. ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ പുതിയ ആർ. ഓ പ്ലാൻ്റ് പ്രവർത്തനം തുടങ്ങി. ആനകൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം യഥേഷ്ടം ലഭിക്കുന്നതിനാണ് ഈ സംവിധാനം.
ഒരു മണിക്കൂറിൽ 2500 ലിറ്റർ ശുദ്ധീകരിച്ച വെള്ളം ലഭിക്കുന്നതിന് ശേഷിയുള്ള പ്ലാൻറാണിത്. ആനക്കോട്ടയിലെ മുഴുവൻ ആനത്തറികളിലേക്കും ശുദ്ധജലം എത്തിക്കുന്നതിനുള്ള പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ചാകും ആനകൾക്ക് ശുദ്ധജലം ലഭ്യമാക്കുക.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ നടന്ന ചടങ്ങിൽ ആർ ഒ പ്ലാൻറിൻ്റെ സമർപ്പണം ദേവസ്വം ചെയർമാൻ ഡോ വിജയൻ നിർവ്വഹിച്ചു. നാട മുറിച്ച് പ്ലാൻ്റിലേക്ക് പ്രവേശിച്ച ശേഷം ഭദ്രദീപം തെളിയിച്ചായിരുന്നു സമർപ്പണം. പ്ലാൻ്റിൻ്റെ സ്വിച്ചോൺ കർമ്മവും നടത്തി. പ്ലാൻ്റ് പ്രവർത്തനം തുടങ്ങി ആദ്യമായി പുറത്തേക്ക് ലഭിച്ച ശുദ്ധമായ കുടിവെള്ളം ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ആദ്യം കൊമ്പൻ ബാലകൃഷ്ണന് നൽകി.
കൊമ്പൻ രാധാകൃഷ്ണന് ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ കുടിവെള്ളം നൽകി. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, പ്ലാൻ്റ് സ്പോൺസർ ചെയ്ത വിജയ് മേനോൻ ചെന്നൈ, വിനോദ് കുമാർ തിരുപ്പൂർ, വൈദ്യുതീകരണ പ്രവർത്തികൾ നടത്തിയ അഡ്വ കെ കിട്ടുനായർ ഐ ആർ എസ് (റിട്ട.), പ്ലാൻ്റ് നിർമ്മാണം നടത്തിയ ശ്രീനിവാസൻ, എളമക്കര (എറണാകുളം), കലേശൻ എന്നിവരും ദേവസ്വം ജീവധനം ഡി എ കെ എസ് മായാദേവി, പി ആർ ഒ വിമൽ ജി നാഥ്,
അസി മാനേജർ സുഭാഷ്, വെറ്ററിനറി സർജൻ ഡോ ചാരുജിത്ത് നാരായണൻ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരും ഭക്തരും ചടങ്ങിൽ സന്നിഹിതരായി.