ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ സത്രം ഗേറ്റ് മുതൽ അപ്സര ജംഗ്ഷൻ വരെ 54 മീറ്റർ നീളത്തിലാണ് നടപ്പുര നിർമ്മിക്കുന്നത്. മുൻവശത്ത് ക്ഷേത്ര മാതൃകയിലുളള ഗോപുരം ആഞ്ഞിലി മരവും ഇരുമ്പും ഉപയോഗിച്ച് വ്യാളി രൂപങ്ങളും മുഖപ്പുകളും ചാരുകാലുകളും നിർമ്മിക്കുന്നുണ്ട്. നടപ്പുരയുടെ തൂണുകളിൽ സിമന്റിൽ ദശാവതാരം മുതലായ റിലീഫ് ശിൽപ്പങ്ങൾ സ്ഥാപിക്കുന്നുണ്ട്. വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് കണക്കുകൾ തയ്യാറാക്കിയിട്ടള്ളത്.
വെൽത് ഐ ഗ്രൂപ്പ് ഉടമ വിഘ്നേഷ് വിജയകുമാറാണ് നടപ്പുര വഴിപാടായി സമർപ്പിക്കുന്നത്. ദേവസ്വം എഞ്ചിനീയർമാരായ അശോക് കുമാർന്റെയും നാരായണനുണ്ണിയുടെയും മേൽനോട്ടത്തിൽ ശില്പി എളവള്ളി നന്ദനും പെരുവല്ലൂർ മണികണ്ഠനുമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാലു മാസം കൊണ്ട് പണികൾ പൂർത്തിയാക്കി ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുനത്.