ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പ ദർശനപുണ്യം തേടി ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം ഭരണ സമിതി ചെയർമാനും മുൻ എംപിയുമായ വൈ വി സുബ റെഡ്ഡി ഗുരുവായൂരിലെത്തി.
ശ്രീ ഗുരുവായുരപ്പനെ മനം നിറയെ കണ്ടു തൊഴുതു ദർശന പുണ്യം നേടിയ നിറവിലായി അദ്ദേഹത്തിൻ്റെ ക്ഷേത്ര ദർശനം. ശനിയാഴ്ച രാവിലെ എട്ടരയോടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ അദ്ദേഹത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, വി ജി രവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി ദേവസ്വം ഡയറി ഉപഹാരമായി നൽകി.
പന്തീരടി പൂജയ്ക്ക് ശേഷം നട തുറന്നപ്പോൾ തിരുമല തിരുപ്പതി ക്ഷേത്രം ചെയർമാനും സംഘവും ശ്രീ ഗുരുവായുരപ്പനെ തൊഴുതു. ദർശന ശേഷം ഭഗവാൻ്റെ പ്രസാദ കിറ്റും ടി ടി ഡി ചെയർമാന് നൽകി. അദ്ദേഹത്തോടൊപ്പം ഫിനിക്സ് ഗ്രൂപ്പ് ചെയർമാൻ ഗോപി കൃഷ്ണൻ,
കെ റെജികുമാർ എന്നിവർ ഉണ്ടായിരുന്നു. തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന ട്രസ്റ്റ് ബോർഡിൻ്റെ (റ്റിറ്റിഡി) ചെയർമാനായി രണ്ടാം തവണയാണ് അദ്ദേഹം ഭരണ സാരഥ്യം വഹിക്കുന്നത്