ഗുരുവായൂർ: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ റഹ്മാനിയ പള്ളിയുടെ പ്രദേശത്തെ അലൈൻമെന്റിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ബഹു. കേരള സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ കത്ത് നൽകി.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ തീരദേശ ഹൈവേയുടെ കല്ലിടല്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. തൃശൂര്‍ ജില്ലയില്‍ ഏകദേശം പകുതിഭാഗവും തീരദേശ ഹൈവേ കടന്നുപോകുന്നത് 25 കിലോമീറ്ററോളം ദൂരം ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലാണ്.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്തിലെ റഹ്‌മാനിയ ജുമാമസ്ജിദും ഖബര്‍സ്ഥാനും ഉള്‍പ്പെടുന്ന പ്രദേശത്ത് കൂടി തീരദേശ ഹൈവേ കടന്നുപോകുന്നുണ്ട്. മേല്‍ പ്രദേശം ഉപദ്വീപാണ്. മത്സ്യതൊഴിലാളികളും അനുബന്ധമത്സ്യതൊഴിലാളികളും താമസിക്കുന്ന ഈ പ്രദേശത്തെ ഏക ജുമാമസ്ജിദാണ് റഹ്‌മാനിയ ജുമാമസ്ജിദ്. റഹ്‌മാനിയ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാന്‍ അടക്കമുള്ള ഭാഗങ്ങള്‍ തീരദേശ ഹൈവേയുടെ ഭാഗമാകുന്നതോടെ ഇവിടെയുള്ള ആയിരത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് ശവസംസ്‌കാരം നടത്തുന്നതിന് സാധിക്കാതെ വരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ആശങ്കയിലാണ്.
ആയതിനാല്‍ തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് റഹ്‌മാനിയ പള്ളിയുടെ ഭാഗത്ത് നിന്നും കുറച്ച് കിഴക്കോട്ട് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് പള്ളി കമ്മിറ്റിയും മഹല്ല് നിവാസികളും ഗുരുവായൂർ എം എൽ എ എൻ.കെ.അക്ബറിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് എം എൽ എ മന്ത്രിക്ക് കത്ത് നൽകിയത്.