ഗുരുവായൂർ: ദേവാങ്കണം ചാരുഹരിതമെന്ന മഹദ് സന്ദേശവുമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ദേവസ്വം സ്ഥാപനങ്ങളിലും കീഴേടം ക്ഷേത്രങ്ങളിലും ഹരിത പ്രോട്ടോകോൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രാബല്യത്തിലായി.
കിഴക്കേ നടയിലെ മഞ്ജുളാലിനെ ആദരിച്ചും കാവീട് ഗോശാലയിലും പുന്നത്തൂർ ആനക്കോട്ടയിലും വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയുമായിരുന്നു ദേവസ്വത്തിലെ പരിസ്ഥിതി ദിനാചരണം. കിഴക്കേനടയിൽ മഞ്ചുളാലിന് മുന്നിലായിരുന്നു പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടനം. മഞ്ജുളാലിന് മുന്നിൽ ക്ഷേത്രം ഓതിക്കൻ മൂന്നുലം നീലകണ്ഠൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നിലവിളക്ക് തെളിയിച്ചു. തുടർന്ന് മഞ്ജുളാലിനെ വന്ദിച്ച് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് ആദരസൂചകമായി മഞ്ഞപ്പട്ടുടയാട അണിയിച്ചു. തുടർന്ന് മഞ്ചുളാലിൽ പുഷ്പങ്ങൾ അർപ്പിച്ചു. മഞ്ചുളാലിനെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കമായി.
ദേവസ്വം പൂന്തോട്ടവും വൃക്ഷങ്ങളെയും പരിപാലിക്കുന്നതിൽ മികച്ച സേവനം നൽകുന്ന താൽക്കാലിക ജീവനക്കാരൻ പത്മപാദനെ പരിസ്ഥിതി കൂട്ടായ്മയുടെ പേരിൽ ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു ആദരിച്ചു. ഉപഹാരവും നൽകി.
പ്ലാവിൻ തൈ നട്ടു കൊണ്ടായിരുന്നു പുന്നത്തൂർ ആനക്കോട്ടയിൽ പരിസ്ഥിതി ദിനാചരണം തുടങ്ങിയത്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആനത്താവളത്തിലെ വിവിധ ഇടങ്ങളിൽ നിരവധിമുളയിനങ്ങളുടെ തൈ നട്ടു. ഓട, നാട്ടുമുള, ഈറ്റ, പനീനീർമരുത് തുടങ്ങിയവയുടെ തൈകളാണ് നട്ടത്. ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ജീവ ധനം ഡി.എ കെ എസ് മായാദേവി, പ്രൊഫ ഹരി നാരായണൻ, പരിസ്ഥിതി പ്രവർത്തകൻ നാരായണൻ അയനിക്കലേത്ത്, മുൻ ഡി എ മാരായ വി കെ.കുഞ്ചു, ഏ കെ രാധാകൃഷ്ണൻ, ദേവസ്വം പി ആർ ഒ വിമൽ ജി നാഥ്, അസി. മാനേജർമാരായ കെ ജി സുരേഷ് കുമാർ, സുഭാഷ് കെ കെ, ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കാവീട് ഗോശാലയിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ നേതൃത്വം നൽകി.
ദേവസ്വം ശ്രീകൃഷ്ണ കോളേജിലും ശ്രീകൃഷ്ണഹയർ സെക്കൻഡറി സ്കൂളിലും ദേവസ്വം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലും പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ, സെമിനാറുകൾ എന്നിവ നടന്നു..