ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ തുടർച്ചയായി ക്ഷേത്രാങ്കണം ചാരു ഹരിതം എന്ന സന്ദേശവുമായി ഗുരുവായൂർ ക്ഷേത്ര നടയിൽ ഹരിത ചട്ടം നടപ്പിലായി.
നാലു ക്ഷേത്രനടകളിലും മാലിന്യ നിർമ്മാർജ്ജനത്തിനായി ബിന്നുകൾ സ്ഥാപിച്ചു. ക്ഷേത്രാങ്കണവും പരിസരവും ശുചിയോടെ സംരക്ഷിക്കുന്നതിനാണ് ഈ നടപടി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൈവശമുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഈ ബിന്നുകളിൽ നിക്ഷേപിക്കാം. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് നടകളിലെല്ലാം ചുവപ്പ്, പച്ച നിറത്തിൽ ബിന്നുകളുണ്ട്. ജൈവ മാലിന്യങ്ങൾ പച്ച ബിന്നിലും പ്ലാസ്റ്റിക് പോലെയുള്ള അജൈവമാലിന്യങ്ങൾ ചുവപ്പ് ബിന്നിലും നിക്ഷേപിക്കാം.
കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും ഈ സംവിധാനം നടപ്പിലാക്കും. ഉറവിട മാലിന്യ സംസ്കരണത്തിനാണ് ദേവസ്വം മുൻഗണന നൽകുക. ഹരിതചട്ടം പാലിക്കുന്നതിൽ ഭക്തരുടെ അകമഴിഞ്ഞ പിൻതുണയും സഹകരണവും വേണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും അഭ്യർത്ഥിച്ചു