ഗുരുവായൂർ: സാമൂഹ്യ വനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതി ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് രാവിലെ 9 മണിക്ക് സ്വവസതിയില്‍ പ്ലാവിന്‍ തൈ നട്ടു കൊണ്ട് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും, വിപത്തായി മാറിയ പ്ലാസ്റ്റിക്കിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനതയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം നല്‍കി.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ടി എസ് അബി എന്നിവര്‍ സംസാരിച്ചു.
നഗരസഭയുടെ 43 വാര്‍ഡുകളിലും പരിസ്ഥിതി ദിനാചരണവും പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായി. ഇരുപതിനായിരം വൃക്ഷത്തൈകള്‍ ആണ് സാമൂഹ്യ വനവത്ക്കരണത്തിന്‍റെ ഭാഗമായി നഗരസഭാ പ്രദേശങ്ങളില്‍ നടുന്നതെന്ന് ചെയർമാൻ പറഞ്ഞു.