ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച കഴിഞ്ഞാൽ കൃഷ്ണനാട്ടം കളിക്ക് മൂന്നു മാസം ഇടവേള. ഒമ്പതുമാസം തുടർച്ചയായി നടന്ന കൃഷ്ണനാട്ടം കളിയുടെ അവസാന കളി ബുധനാഴ്ച നടക്കും. അവസാന കളി പെട്ടിവെച്ചു കളിയെന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിനു പുറത്ത് മറ്റു സ്ഥലങ്ങളിൽ നടക്കുന്ന പുറം കളി ഞായറാഴ്ച തൃശ്ശൂർ എരവിമംഗലം കുമരപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സ്വയംവരം കളിയോടെ സമാപിച്ചു.
മെയ് 31ന് ബുധനാഴ്ച നടക്കുന്ന അവസാന കളിക്ക് ബാണയുദ്ധമാണ് കഥ. ബാണയുദ്ധം ഇതിനകം 104 ഭക്തർ ശീട്ടാക്കിയിട്ടുണ്ട്. ഈ കളിക്ക് 3,12,000 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്.
തിങ്കളാഴ്ച കാളിയമർദനം കളിയായിരുന്നു. 68 ഭക്തർ കാളിയമർദനം ശീട്ടാക്കി. ചൊവ്വാഴ്ച കളിയില്ല. കൃഷ്ണനാട്ടം കലാകാരന്മാർക്ക് ജൂണിൽ വിശ്രമവും ജൂലായ്, ഓഗസ്റ്റ് മാസങ്ങൾ അഭ്യാസകാലവുമാണ്. സെപ്റ്റംബർ ഒന്നിന് ക്ഷേത്രത്തിൽ കളി വീണ്ടും തുടങ്ങും.