ഗുരുവായൂർ: “കൂടെയുണ്ട് കരുതലോടെ” ക്യാമ്പയിനുമായി നടത്തിയ “ഒപ്പം” വ്യത്യസ്ത പദ്ധതികൾ നടപ്പാക്കി സംസ്ഥാനത്ത് ഒന്നാമതായി ഗുരുവായൂർ നഗരസഭ.
നഗര പ്രദേശങ്ങളിലെ പി എംഎവൈ ലൈഫ് പദ്ധതി, വിശപ്പ് രഹിത കേരളം, അതി ദാരിദ്ര്യ നിർമാർജ്ജനം എന്നീ പദ്ധതികളുടെ ഗുണഭോക്താക്കൾ. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ ഉപജീവനം, ബോധവൽക്കരണ പരിപാടികൾ, സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് നടത്തിയ ഒപ്പം ക്യാമ്പയിനിൽ വേറിട്ട പദ്ധതികളാണ് ഗുരുവായൂർ നഗരസഭ നടപ്പിലാക്കിയത്.
സഹകരണ ബാങ്കുകളിലെ ലിങ്കേജ് വായ്പ പലിശ സബ്സിഡി, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വായ്പാ വിതരണം, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് സഹായം, അയൽക്കൂട്ട പ്രവർത്തനം, അഗതി രഹിത കേരളം വിഭാഗക്കാർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം, അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവശ്യ സാധന വിതരണം. കട്ടിൽ, ഫാൻ. ത്രീവീലർ, സാനിറ്ററി ചെയർ, ഡയപ്പർ, ഭക്ഷ്യധാന്യ കിറ്റ്, വേപ്പർ മെഷീൻ, ബയോബിൻ തുടങ്ങിയവയുടെ വിതരണം, തൊഴിൽമേള, നൈപുണ്യ പരിശീലനവും തൊഴിലുറപ്പാക്കലും, മൊബലൈസേഷൻ ക്യാമ്പ്, സൗജന്യ മെഡിക്കൽ ക്യാമ്പ്, കുടുംബശ്രീ ഭക്ഷ്യമേള എന്നി പദ്ധതികളാണ് നഗരസഭ നടപ്പിലാക്കിയത്. 2022 ഡിസംബർ 14 മുതൽ 2023 മാർച്ച് 15 വരെയായിരുന്നു ക്യാമ്പയിൻ.
നഗരസഭയ്ക്കുള്ള പുരസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത് കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മന്ത്രി എം ബി രാജേഷ് നൽകി. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ബീന എസ് കുമാർ, അമ്പിളി ഉണ്ണിക്കൃഷ്ണൻ, മോളി ജോയി, വി എസ് ദീപ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.