ഗുരുവായൂർ: സർക്കാർ സംവിധാനത്തിലൂടെ സംസ്കൃത അക്കാദമി സ്ഥാപിക്കണമെന്ന് ഭാരതീയ സംസ്കൃത പതാകാർ സംഘ് ജനറൽ സെക്രട്ടറി ഡോ ബലദേവാനന്ദസാഗർ അഭിപ്രായപ്പെട്ടു. ഗുരുവായൂർ സംസ്കൃത അക്കാദമിയുടെ പ്രഥമ സംസ്കൃത സേവാ രത്നപുരസ്കാര ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി സംസ്കൃത അക്കാദമി, ബീഹാർ സംസ്കൃത അക്കാദമി പോലയുള്ള വിവിധ സംസ്ഥാനങ്ങളിലെ അക്കാദികൾ അതത് സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള സംസ്കൃത പഠന പ്രോത്സാഹന പ്രവർത്തനങ്ങൾ നടത്തുന്ന നോഡൽ ഏജൻസികൾകൂടിയാണ്. അത്തരത്തിലുള്ള സംവിധാനത്തിലൂടെ വിവിധങ്ങായ സംസ്കൃത പാഠന പ്രോജക്റ്റുകൾ, ഗവേഷണ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്കൃത പഠന ചരണരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ഗുരുവായൂർ സംസ്കൃത അക്കാദമി ഈ വർഷം മുതൽ ആരംഭിച്ച സംസ്കൃത സേവാ രത്നപുരസ്കാരം കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായ സനൽ ചന്ദ്രൻ കണ്ണൂരിന് സമർപ്പിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ പി കെ ശ്രീനിവാസൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ഡോ എം വി വിവേക് രവിച്ച ജ്ഞാനസോപാനപാനമഞ്ജരി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റി ശിക്ഷാശാസ്ത്ര വിഭാഗം അദ്ധ്യക്ഷൻ ഡോ കെ കെ ഷൈൻ ആദരപത്രദാനം നിർവ്വഹിച്ചു. ഡോ രാധിക, അഡ്വ രവി ചങ്കത്ത് എന്നിവർ സംസാരിച്ചു.
ഗുരുവായൂർ സംസ്കൃത അക്കാദമി ചെയർമാൻ പദ്മനാഭൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ ജസ്റ്റിൻ ജോർജ്ജ് നന്ദി പ്രകാശിപ്പിച്ചു.