ഗുരുവായൂർ: ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 458 കോടി രൂപാ സർക്കാർ നൽകിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേത്ര പുനർനിർമ്മാണം തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കാനാണ് സഹായം നൽകിയത്. ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള മറ്റു ദേവസ്വം ബോർഡുകൾക്കായാണ് ഈ സഹായം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർക്കാർ സാമ്പത്തിക സഹായമില്ലാതെയാണ് ഗുരുവായൂർ ദേവസ്വം പ്രവർത്തിക്കുന്നത്. വർഷങ്ങളായി വരുമാനത്തിൻ്റെ ഒരു വിഹിതം ധനസഹായമായി ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്രങ്ങൾക്കായി നൽകി വരുന്നു.. ദേവസ്വത്തിന് വരുമാനം കൂടുമ്പോൾ കൂടുതൽ സഹായം ഉണ്ടാകും. പ്രാദേശിക ക്ഷേത്രങ്ങൾ ജീർണ്ണിച്ചു പോകാൻ പാടില്ല. ഈ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂർ ദേവസ്വം സഹായം നൽകി വരുന്നത്. ക്ഷേത്രങ്ങൾക്ക് ഒരു കൈതാങ്ങാണ് ഈ സഹായം. ക്ഷേത്രങ്ങളsക്കം ഹരിത ചട്ടം (ഗ്രീൻ പ്രോട്ടോകോൾ) പാലിക്കണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ പൂന്താനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായിരുന്നു.
എൻ കെ അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗം കെ ആർ ഗോപിനാഥ് സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രറ്റർ കെ പി വിനയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ (മുൻ എംപി) , മനോജ് ബി നായർ വി.ജി.രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം സി മനോജ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യ മേഖലയിലെ 322 ക്ഷേത്രങ്ങൾക്കായി 2.03 കോടി രൂപയുടെ സഹായമാണ് ഗുരുവായൂരിൽ വെച്ച് ബുധനാഴ്ച നൽകിയത്.