ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ നവീകരണ – ബ്രഹ്മോത്സവ ധന്യവേളയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടോളമായി ക്ഷേത്ര ഉത്സവ ആഘോഷത്തിൽ വാദ്യ ഉപാസകസേവ നടത്തി പോരുന്ന വാദ്യ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ക്ഷേത്രസമിതിയുടെയും, നവീകരണകലശ കമ്മറ്റിയുടെയും, തട്ടകത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്നേഹാദര സമർപ്പണം നൽകി സമാദരിച്ചു.
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഉത്സവ തായമ്പക കൊട്ടുന്നതിൻ്റെ നാല്പത്തിയഞ്ചാം വർഷിക ദിനത്തിലാണ് കേരള സംഗീത നാടക അക്കാദമി ചെയർമാനായി സ്ഥാനമേറ്റതിൻ്റെ സന്തോഷം കൂടി പങ്ക് വെച്ച് സമാദരണം ഒരുക്കി സ്നേഹവന്ദനം നൽകിയത്. ശ്രീ വെങ്കിടേശ്വര മണ്ഡപത്തിൽ ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് ക്ഷേത്രം ഊരാളനും, ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സ്നേഹോപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. വാദ്യ വിദ്വാൻമാരും അദ്ദേഹത്തിൻ്റെ മക്കളുമായ മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ജോതിദാസ് ഗുരുവായൂർ, ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, ഹരി നാരായണൻ പുത്തൻവീട്ടിൽ, പി.രാഘവൻ നായർ, വിനോദ് കുമാർ അകമ്പടി, മoത്തിൽ രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മറുപടി പ്രസംഗം നടത്തി.
ക്ഷേത്രത്തിൽ വാദ്യ പ്രേമികൾക്ക് ഹരവും, ആവേശവും ആവോളം നൽകി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ചേർന്ന് തൃ തായമ്പകയും അവതരിപ്പിച്ചു.