ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ വേനലവധികാലത്ത് നടത്തി വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പ് വേനല്‍പറവകള്‍ ഈ വര്‍ഷം മെയ് 5 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ നടക്കും.
നഗരസഭ കെ ദാമോദരന്‍ ഹാള്‍, ഇ എം എസ് സ്ക്വയര്‍ എന്നിവടങ്ങളിലായാണ് ക്യാമ്പ് നടക്കുക. ക്യാമ്പിനോടനുബന്ധിച്ച് നക്ഷത്രപഠനവും ക്യാമ്പ് ഫയറും, വിനോദയാത്രയും ഉണ്ടായിരിക്കും. ചൂല്‍പ്പുറത്തെ എ സി രാമന്‍ പാര്‍ക്കില്‍ മെയ് 5 വൈകീട്ടാണ് ക്യാമ്പ് ഫയറും നക്ഷത്ര പഠനവും സംഘടിപ്പിക്കുക. സമാപന ദിവസമായ മെയ് 7 നാണ് വിനോദയാത്ര. വിവിധയിനം വിനോദ പരിപാടികളും, പാവ നിര്‍മ്മാണം, തിയേറ്റര്‍ വര്‍ക്ക് ഷോപ്പ് അവതരണം തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ അഭിരുചി വികസന ക്ലാസ്സുകളും ക്യാമ്പില്‍ അവതരിപ്പിക്കും.
നഗരസഭയുടെ 11-ാം മത് വേനല്‍പറവകള്‍ ക്യാമ്പാണ് ഈ വര്‍ഷത്തേത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 3 വര്‍ഷങ്ങളായി ക്യാമ്പ് സംഘടിപ്പിച്ചിരുന്നില്ല. നഗരസഭ പരിധിയിലെ ആറാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. 200 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. പ്രവേശനത്തിനായി മെയ് 1 ന് മുമ്പായി കൗണ്‍സിലര്‍മാര്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാൻ എം കൃഷ്ണദാസ് അറിയിച്ചു.