ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിൻ്റെ ഭാഗമായി ഗുരുവായൂർ സന്ദർശിച്ച മഹാത്മാ ഗാന്ധിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷത്തിൽ ‘ഗാന്ധി വിഭാവനം ചെയ്ത ഹരിജൻ സങ്കല്പം ‘ എന്ന വിഷയത്തെക്കുറിച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
അഖിലേന്ത്യാ ഹരിജൻ സേവാ സംഘ് ചെയർമാൻ ശങ്കർ കുമാർ സന്യാൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ സങ്കല്പത്തിൽ ഹരിജനങ്ങളുടെ ഉന്നമനം 21-ാം നൂറ്റാണ്ടിലും പുരോഗമനപരമായിട്ടില്ലെന്നും പിന്നോട്ടടിയാണ് ഇക്കാര്യത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിജൻ സേവാസംഘം സംസ്ഥാന പ്രസിഡൻ്റ് ഡോ. എൻ ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. ദേശീയ നേതാക്കളായ ലക്ഷ്മി ദാസ്, നരേഷ് യാദവ്, ശിഖ സന്യാൽ, സഞ്ജയ് റായ്, ഊർമിള ശ്രീ വാസ്തവ, ഡോ നിഷ ബാല ത്യാഗി, കേരള മഹാത്മജി സാംസ്കാരിക വേദി പ്രസിഡൻ്റ് സജീവൻ നമ്പിയത്ത്, ഡോ ജേക്കബ് വടക്കൻചേരി, കെ വാസുദേവൻ പിള്ള, ടി ആർ സദാശിവൻ നായർ, സർവോദയ മേള കമ്മറ്റി കൺവീനർ പി കോയക്കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ഹരിജൻ സേവാ സംഘ് കേരള ഘടകത്തിൻ്റെയും കേരള മഹാത്മജി സാംസ്കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.