കൊച്ചി: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രജ്ഞനുമായ തൃപ്പൂണിത്തുറ ലായം റോഡ് ശ്രീനിവാസില്‍ ഡോ.എന്‍ ഗോപാലകൃഷ്ണന് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വേദം, ഉപനിഷദ്, പുരാണങ്ങള്‍ എന്നിവയില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ശാസ്ത്രത്തെയും ആത്മീയതയെയും യുക്തിഭദ്രമായി കോര്‍ത്തിണക്കിയതിലൂടെയാണ് ഇദ്ദേഹം ദേശീയ അന്താരാഷ്ട്ര ശ്രദ്ധ കവര്‍ന്നത്.
ഏഴ് പേറ്റന്റ് സ്വന്തമായിട്ടുള്ള ഗോപാലകൃഷ്ണന് കെമിസ്ട്രിയില്‍ രണ്ട് എംഎസ്സിയും സോഷ്യോളജിയില്‍ എംഎയും ബയോകെമിസ്ട്രിയില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സയന്‍സില്‍ സംസ്കൃതത്തിന്റെ സാധ്യതകളെപ്പറ്റി ഗവേഷണം നടത്തി ഡിലിറ്റ് നേടിയ ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്. 29 വര്‍ഷത്തെ ഗവേഷണ കാലയളവില്‍ 50 റിസേര്‍ച്ച് പേപ്പറുകള്‍ രാജ്യാന്തരതലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രഗവേഷണത്തിനുള്ള ആറ് പുരസ്കാരവും ശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കുന്നതിനുള്ള ഒന്‍പത് രാജ്യാന്തര പുരസ്കാരവും രണ്ട് രാജ്യാന്തര ഫെല്ലോഷിപ്പും നേടി.
60 പുസ്തകങ്ങള്‍ എഴുതിയ ഇദ്ദേഹം പ്രഭാഷണങ്ങളുടെ 200 എംപി3 സിഡികളും 50 വീഡിയോ സിഡികളും പുറത്തിറക്കി. ആറായിരത്തിലേറെ പ്രഭാഷണങ്ങള്‍ രാജ്യത്തും വിദേശത്തുമായി നടത്തിയിട്ടുണ്ട്. ഇതില്‍ ടെലിവിഷന്‍ പ്രഭാഷണങ്ങളുടെ മാത്രം ദൈര്‍ഘ്യം 200 മണിക്കൂറിലേറെ വരും. യുഎസ്, യുകെ, കാനഡ, ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ ശാസ്ത്ര പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ കാനഡ ആല്‍ബര്‍ട്ട യൂണിവേഴ്സിറ്റി ഫെല്ലോയാണ്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറാണ്. ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിലെ ശാസ്ത്രജ്ഞനും ഡയറക്ടറുമായിരുന്നു.
തൃപ്പൂണിത്തുറ കുഴുപ്പിള്ളി നാരായണന് എബ്രാന്തിരി-സത്യഭാമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ഭാര്യ: പരേതയായ രുഗ്മണി. മക്കള്‍: ഹരീഷ്(ഐടി, ബംഗളൂരു), ഹേമ. മരുമകന്: ആനന്ദ്. സഹോദരങ്ങള്‍: എന്‍. ശ്രീനിവാസന്, എന്‍.വാസുദേവന്‍, എന്‍. ബാലചന്ദ്രന്, എന്‍.രാജഗോപാല്‍, വനജ ശ്രീനിവാസന്