ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രസമിതി ഏർപ്പെടുത്തിയ വെങ്കിടേശ്വര പുരസ്കാരം മേളപ്രാമാണികൻ കോട്ടപ്പടി സന്തോഷ് മാരാർക്ക്. 10,001 രൂപയും ഫലകവും പ്രശസ്തിപത്ര വുമടങ്ങിയ പുരസ്ക്കാരം ചൊവ്വാഴ്ച നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധമേഖലകളിൽ മികവുതെളിയിച്ച കല്ലൂർ രാമൻകുട്ടി മാരാർ (തായമ്പക), ടി.എസ്. രാധാകൃഷ്ണൻ (സംഗീതം), കോട്ടയ്ക്കൽ മധു (കഥകളി സംഗീതം), ജയരാജ് വാര്യർ (കാരിക്കേച്ചർ), ദേവീചന്ദന (അഭിനയം), പ്രശാന്ത് മേനോൻ (ജ്യോതിഷം), അമ്പലപ്പുഴ വിജയകുമാർ (അഷ്ടപദി), ശ്രീധരൻ അയ്യപ്പത്ത് (കോമരം) എന്നിവരെ ആദരിക്കും. ക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ച് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാരസമർപ്പണവും സമാദരണവും. പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിക്കും. മെയ് അഞ്ചുവരെ ദിവസവും രാവിലെ മുതൽ കലാപരിപാടികളുണ്ടാകും. ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് 30ന് കൊടിയേറുമെന്ന് ക്ഷേത്രം പ്രസിഡന്റ് ശശി വാറണാട്ട്, ജ്യോതിദാസ് ഗുരുവായൂർ, ബാലൻ വാറണാട്ട്, ചന്ദ്രൻ ചങ്കത്ത്, പി.രാഘവൻ നായർ എന്നിവർ അറിയിച്ചു.