ഗുരുവായൂർ: വിഷുപ്പുലരിയില്‍ കണ്ണനെ കണികാണാന്‍ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഇതോടെ ഗുരുപവനപുരി ഭക്തരെ കൊണ്ട് വീർപ്പുമുട്ടി . ദേവസ്വത്തിന്റെ എല്ലാ കണക്ക് കൂട്ടലും തകർത്തു കൊണ്ടാണ് ഭക്തർ വിഷു ദർശനത്തിനായി ഗുരുവായൂരിലേക്ക് ഒഴുകി എത്തിയത്.
പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയായിരുന്നു വിഷുക്കണി ദര്‍ശനം. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. ക്ഷേത്രനാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞെത്തി ആദ്യം സ്വന്തം മുറിയില്‍ ഗുരുവായൂരപ്പനെ കണികണ്ടു. പിന്നീട് മുഖമണ്ഡപത്തില്‍ ഒരുക്കി വെച്ചിരുന്ന കണിക്കോപ്പുകളിലെ മുറിതേങ്ങയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു.
ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്‍ണസിംഹാസനത്തില്‍ വെച്ചിരുന്നു. ഇതിന് താഴെയായി ശാന്തിയേറ്റ കീഴ്ശാന്തിമാര്‍ ഓട്ടുരുളിയില്‍ കണിക്കോപ്പുകളും ഒരുക്കിയിരുന്നു. നാരായണ നാമജപവുമായി മണിക്കൂറുകളായി കാത്ത് നിന്നിരുന്ന ഭക്ത സഹസ്രങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയാനായി 2.45ന് കിഴക്കേ ഗോപുര വാതില്‍ തുറന്നതോടെ കാത്ത് നിന്നിരുന്ന പതിനായിരങ്ങള്‍ തിക്കി തിരക്കി കണ്ണനു മുന്നിലെത്തി. പീതാംബരപട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനേയും സ്വര്‍ണസിംഹാസനത്തിലെ ഗുരുവായൂപ്പന്റെ തങ്കതിടമ്പും ഓട്ടുരിളിയിലെ കണിക്കോപ്പുകളും കണ്ട് ഭക്തര്‍ മനം നിറയെ തൊഴുതു.
നാല് നടകളിലെ നടപ്പുരകളിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലുമായാണ് ഭക്തര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. ലോഡ്ജുകളും ഹോട്ടലുകളും ഭക്തര്‍ മുന്‍ കൂട്ടി ബുക്ക് ചെയ്തതിനാല്‍ മുറി കിട്ടാന്‍ പ്രയാസമായിരുന്നു.