ഗുരുവായുർ: ലോക പൈതൃക ദിനാചരണത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ എല്ലാവർഷവും നൽകിവരുന്ന “പൈതൃക ദിന പുരസ്കാര”ത്തിന് ഈ വർഷം അർഹനായ സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അടിയന്തിരക്കാരനും, ലോകപ്രശസ്ത അഷ്ടപദി വാദകനുമായ ശ്രീ. അമ്പലപ്പുഴ വിജയകുമാറിന് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ വച്ച് നടന്ന പൈതൃകം ഗുരുവായൂരിന്‍റെ പ്രതിമാസ കുടുംബ സംഗമത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, പൊന്നാടയും, പതിനായിരത്തിഒന്ന് രൂപയും, ഫലകവും അടങ്ങുന്ന പുരസ്കാരം സമർപ്പിച്ചു .
ക്ഷേത്ര പൂജാസമയത്ത് നടക്കുന്ന കൊട്ടിപ്പാടി സേവയുടെ വിശദാംശങ്ങളെ പരിചയപ്പെടുത്തി ക്കൊണ്ട് അമ്പലപ്പുഴ വിജയകുമാർ പ്രഭാഷണം നടത്തി. തന്ത്രി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ, നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയും തൃശ്ശൂർ പാറമേക്കാവ് ശ്രീഭഗവതി ക്ഷേത്രം മേൽശാന്തിയുമായ ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുത്തു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സഹസംയോജക രാധാദേവി ദീദി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായിരുന്നു. സെക്രട്ടറി മധു. കെ. നായർ,ഖജാൻജി ശ്രീനിവാസൻ കെ. കെ. കൺവീനർമാരായ ശ്രീകുമാർ പി. നായർ, ഐ. പി. രാമചന്ദ്രൻ, മണലൂർ ഗോപിനാഥ്, കെ. കെ. വേലായുധൻ,മണി. ജി. മേനോൻ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ നിധിയുടെ നേതൃത്വത്തിൽ അർഹരായവർക്ക് സാമ്പത്തിക സഹായധനം വിതരണം ചെയ്‌തു. പൈതൃകം കലാക്ഷേത്ര അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.