ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ വാര്‍ഡ് 18 ല്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന അനക്സ് എന്ന സ്വകാര്യ ലോഡ്ജിലെ അജൈവ മാലിന്യങ്ങള്‍ ലോഡ്ജ് പരിസരത്ത് കത്തിച്ചതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുളള അജൈവമാലിന്യങ്ങള്‍ കത്തിച്ചതിന് പിഴയിനത്തില്‍ അമ്പതിനായിരം രൂപയും ചേര്‍ത്ത് ആകെ ഒരുലക്ഷത്തി എഴുപതിനായിരം രൂപ ഉടമയില്‍ നിന്നും നഗരസഭ ഈടാക്കി.
തീ ആളി പടര്‍ന്ന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിലെ 2000 ലിറ്റര്‍ കപ്പാസിറ്റിയുളള ഫൈബര്‍ വാട്ടര്‍ ടാങ്ക്, പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്, 200 നാളികേരങ്ങള്‍ എന്നിവ കത്തി നശിച്ചിരുന്നു. കൂടാതെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്കി വരുന്ന ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം രണ്ട് ദിവസത്തോളം തടസ്സപ്പെടുകയും ചെയ്തു. വേനല്‍ കടുത്തു വരുന്ന സാഹചര്യത്തില്‍ ആരും തന്നെ പാഴ്വസ്തുക്കള് കത്തിക്കുവാന്‍ പാടില്ലാത്തതും അജൈവ പാഴ്വസ്തുക്കള് കൃത്യമായി തരംതിരിച്ച് നഗരസഭയുടെ ഹരിത കര്‍മ്മസേനക്ക് മാത്രം നിശ്ചിത യൂസര്‍ഫീ നല്കി കൈമാറേണ്ടതുമാണെന്ന് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി ബീന എസ് കുമാർ അറിയിച്ചു.