ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ ഏഴാം വിളക്ക് ദിവസമായ ഇന്ന് ( മാർച്ച് 9 ) വൈകുന്നേരം വൈഷ്ണവം വേദിക്ക് സമീപം പടയണി അരങ്ങേറും. കടമ്മനിട്ട ഗോത്രകലാ കളരിയുടെ ആഭിമുഖ്യത്തിലുള്ള പടയണി സംഘമാണ് അവതരിപ്പിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിൽ നടത്തുന്ന അതിപ്രാചീനമായ അനുഷ്ഠാനമാണ് പടയണി. കരവാസികളുടെ ജീവിതത്തിന് താങ്ങും തണലും ഒരുക്കുന്നത് കാവിലമ്മയാണെന്നാണ് വിശ്വാസം. കാവിലമ്മയ്ക്കുള്ള കാലവഴിപാടായാണ് പടയണി നടത്തുന്നത്.
പച്ചപ്പാളചെത്തിയൊരുക്കി പ്രകൃതിദത്തമായ നിറങ്ങളിൽ ചാലിച്ചാണ് വിവിധ തരം കോലങ്ങളെഴുതി ഭഗവതിക്കു മുന്നിൽ കൊട്ടിപ്പാടുന്നത്. ഇരുട്ടിനു മേൽ വെളിച്ചത്തിൻ്റെ ആഘോഷമാണ് പടയണി. പടയണിയിൽ വൈകാരിക അംശത്തിന് ഏറെ പ്രാധാന്യമുള്ള കാലൻ കോലമാണ് ഇന്ന് അരങ്ങേറുക. മധ്യ തിരുവിതാംകൂറിലെ പടയണിക്കാവുകളിൽ സുപ്രസിദ്ധമായ കടമ്മനിട്ട ഗോത്രകലാ കളരിയിലെ പടയണി ആശാൻ കടമ്മനിട്ട പി.ടി. പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ പടയണി അവതരിപ്പിക്കുന്നത്