ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രനെത്തി. ഭക്തർക്കൊപ്പമെത്തിയ മന്ത്രി ഉൽസവദിന വിശേഷമായ കഞ്ഞിയും മുതിരപുഴുക്കും മനം നിറയെ ആസ്വദിച്ചു.
ആഹാരശേഷം പ്രസാദ ഊട്ട് എങ്ങനെയുണ്ടായിരുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് മന്ത്രിയുടെ മറുപടി ഇങ്ങനെ . “മഹത്തരമായ അനുഭവമാണിത്. ഇത്രയധികം ജനങ്ങൾക്ക് ഒരാഴ്ചയിലേറെ പ്രസാദ ഊട്ട് നൽകാൻ ഗുരുവായൂർ ദേവസ്വം തയ്യാറായത് അഭിനന്ദനാർഹമാണ്. ഗുരുവായൂർ ദേവസ്വത്തിന് മാത്രം കഴിയുന്ന കാര്യമാണിത്. ” മന്ത്രി പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ആനകളുടെ കൊമ്പ് മുറിക്കാനുള്ള അനുമതി അപേക്ഷയിൽ തീരുമാനം വൈകുന്ന വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ദേവസ്വം ചെയർമാൻ ദേവസ്വം മന്ത്രി, വനം വകുപ്പ് മേധാവി എന്നിവരുൾപ്പെട്ട ഉന്നതാധികാര സമിതി രൂപീകരിച്ച് പ്രശ്ന പരിഹാരമുണ്ടാക്കും. ദേവസ്വത്തിൽ എഴുന്നള്ളിപ്പിന് ആനകളെ നടയിരുത്താൻ അനുമതി നൽകുന്ന കാര്യത്തിൽ കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തിയാലേ സംസ്ഥാനത്തിന്നിടപെടാനാകൂ എന്നും മന്ത്രി അറിയിച്ചു.
നേരത്തെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിയെ ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് എന്നിവരും ജില്ലാ പ്രസിഡൻ്റ് മോളി ഫ്രാൻസിസ് അsക്കമുള്ള എൻ.സി.പി.പ്രവർത്തകരും മന്ത്രിക്കൊപ്പം പ്രസാദ ഊട്ടിൽ പങ്കെടുക്കാനെത്തിയിരുന്നു.