ഗുരുവായൂർ: മാടമ്പ് കുഞ്ഞിക്കുട്ടൻ സുഹൃത് സമിതിയുടെ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക സംസ്കൃതി പുരസ്ക്കാരം പ്രശസ്ത ഗ്രന്ഥകർത്താവ് സി രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ ഗീതാ ദർശനം എന്ന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം. പതിനായിരത്തൊന്ന് രൂപയുടെ ക്യാഷ് അവാർഡായ പുന്നയൂർക്കുളം കാർത്ത്യായനിയമ്മ സ്മാരക എൻഡോവ്മെന്റും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം.
2023 മെയ് ആദ്യവാരം നടക്കുന്ന മാടമ്പ് സ്മൃതി പർവ്വത്തിൽ വച്ച് പുരസ്ക്കാരം സമർപ്പിക്കുമെന്ന് എം.കെ.എസ്.എസ് ജനറൽ സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി അറിയിച്ചു.
ആത്മവിദ്യയേയും ഭൗതിക ശാസ്ത്രത്തേയും ഒന്നാക്കുക എന്നതിനുപകരം രണ്ടും മനുഷ്യന്റെ ചിന്താശേഷിയുടെ മാർഗ്ഗങ്ങളാണെന്നെ യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ട് പുതിയൊരു ജീവിത വീക്ഷണത്തിനും പ്രപഞ്ച വിശകലനത്തിനുമുള്ള വഴി തുറക്കുന്നു എന്നതാണ് സി രാധാകൃഷ്ണന്റെ ഗീതാദർശനം എന്ന ഗ്രന്ഥത്തെ കൂടുതൽ കാലിക പ്രസക്തമാകുന്നതെന്ന് പുരസ്ക്കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു.
ഭഗവദ്ഗീത എന്ന പുണ്യഗ്രന്ഥത്തിന്റെ ഭക്തിഭാവങ്ങളെ നിരസിക്കാതെത്തന്നെ അതിലെ ഓരോ കഥാപാത്രങ്ങളെയും അവർ പറയുന്ന വാക്കുകളേയും വരെ തലനാരിഴ കീറി വിശകലം ചെയ്യുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. വേദങ്ങളെ അംഗീകരിക്കുമ്പോഴും വേദങ്ങൾക്കപ്പുറവും സത്യമുണ്ടെന്നു പറയുന്ന മാടമ്പിന്റെ സ്വന്തമായ ഈശ്വരസങ്കല്പം, വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് മാടമ്പ് പറയുമ്പോൾ സി രാധാകൃഷ്ണൻ പറഞ്ഞു വെയ്ക്കുന്ന ഏകതാവാദത്തെ സാധൂകരിക്കുന്നതാണ്.
സത്യത്തിൽ മാടമ്പിന്റെ അവിഗ്നമസ്തു മുതലുള്ള നോവലുകൾ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ് . കാരണം അവ ഭാരതീയ ദർശനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഓരോ വാക്കും ശാസ്ത്രമാണ്. മാടമ്പിന്റെ പേരിലുള്ള ഈ പുരസ്കാരം എന്തു കൊണ്ടും ഈ ഗ്രന്ഥകാരന് യോജിക്കുന്നതാണ്. അതിലൂടെ മാടമ്പിന്റെ കൃതികളുടെ കൂടുതൽ പഠനങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സമിതി കൂട്ടിച്ചേർത്തു.
പത്ര പ്രവർത്തനവും എഴുത്തും മുഖ്യ കർമ്മമണ്ഡലമാക്കിയ വ്യക്തിത്വമാണ് സി രാധാകൃഷ്ണൻ. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്. പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം. കണ്ണിമാങ്ങകൾ, അഗ്നി, പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ, സ്പന്ദമാപിനികളേ നന്ദി മുതലായവ പ്രധാന കൃതികളാണ്. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.
പുരസ്കാര സമർപ്പണം മെയ് ആദ്യവാരം ഗുരുവായൂരിൽ നടക്കും.