ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് പ്രസാദ ഊട്ടും ദേശപ്പകർച്ചയും തുടങ്ങി. തെക്കേ നടയിൽ ശ്രീഗുരുവായൂരപ്പൻ പന്തലിലാണു പ്രസാദ ഊട്ട് നൽകുന്നത്. കഞ്ഞി, മുതിര പുഴുക്ക്, പപ്പടം,തേങ്ങാ പൂൾ, ശർക്കര എന്നീ വിഭവങ്ങളാണു നൽകിയത്. ആയിരക്കണക്കിന് ആളുകൾ പ്രസാദ ഊട്ടിൽ പങ്കെടുത്തു. ക്ഷേത്രം ജീവനക്കാർ, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങൾ എന്നിവർക്ക് ദേശ പകർച്ചയാണു നൽകുന്നത്.
ക്ഷേത്രക്കുളത്തിനു പടിഞ്ഞാറ് അന്ന ലക്ഷ്മി ഹാളിലും വടക്കുഭാഗത്ത് തയാറാക്കിയ പ്രത്യേക പന്തലിലുമായി രാവിലേയും ഉച്ചതിരിഞ്ഞും പകർച്ച നൽകും. രാവിലെ കഞ്ഞിയും മുതിര പുഴുക്കും ഉച്ചതിരിഞ്ഞ് ചോറ്, കാളൻ, ഓലൻ തുടങ്ങിയ വിഭവങ്ങളുമാണ്. പകർച്ച വാങ്ങുന്നതിനും പ്രസാദം കഴിക്കുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.