ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായുള്ള സങ്കീര്‍ണ്ണവും, താന്ത്രിക ചടങ്ങുകളില്‍ വളരെ പ്രാധാന്യമേറിയതുമായതാണ് തത്വകലശം.
ക്ഷേത്രം ഓതിയ്ക്കന്‍ കക്കാട് സുനില്‍കുമാര്‍ നമ്പൂതിരി തത്വകലശ പൂജ നടത്തി. ശ്രീകോവിലിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന്, ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട്, തത്വകലശ ഹോമം നടത്തി, മൂല വിഗ്രഹത്തിന്റെ ചൈതന്യക്ഷയം പരിഹരിയ്ക്കുതിനായി 25 തത്വങ്ങളെ ആവാഹിച്ചുള്ള ഹോമ സമ്പാദം, വലിയ പാണിയുടെ അകമ്പടിയോടെ തന്ത്രി അഭിഷേകം ചെയ്തു.
സഹസ്രകലശാഭിഷേകവും, താന്ത്രിക ചടങ്ങുകളില്‍ പ്രാധാന്യമേറിയ ബ്രഹ്മകലശാഭിഷേകവും വ്യഴാഴ്ച നടക്കും. കൂത്തമ്പലത്തില്‍ പത്മമിട്ട് 975 വെള്ളികുടങ്ങളും, 25 സ്വര്‍ണ്ണകുടങ്ങളും 25 ഖണ്ഡങ്ങളായി കമി ഴ്ത്തിവെച്ച് രാവിലെ ബ്രഹ്മകലശ പൂജ നടത്തി. വൈകീട്ട് ആയിരം കുടങ്ങളില്‍ ദ്രവ്യങ്ങളും, പരികലശവും നിറച്ച്, കലശത്തിന് ഭഗവാന്റെ അനുമതി തേടുന്ന അനുജ്ഞ ചടങ്ങും രാത്രി നടന്നു.
ഉത്സവാഘോഷത്തോടനുബന്ധിച്ച് ആചാര്യ വരണത്തിന് ശേഷം നാലമ്പലത്തിനകത്തെ മുളയറയില്‍ വിതച്ച് മുളപ്പിച്ച നവധാന്യങ്ങള്‍, ക്ഷേത്രം കീഴ്ശാന്തിക്കാര്‍ കൂത്തമ്പലത്തിലെ കലശമണ്ഡപത്തിലേയ്ക്ക് എഴുന്നെള്ളിച്ചു. വ്യാഴാഴ്ച രാവിലെ 7-ന് കൂത്തമ്പലത്തില്‍നിന്ന് ആയിരം കുടങ്ങളിലെ കലശം, കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് ഭഗവാന് അഭിഷേകം ചെയ്യും.
തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ ബ്രഹ്മകലശം എഴുന്നെള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ കലശചടങ്ങുകള്‍ക്ക് സമാപനമാകും. ബ്രഹ്മകലശത്തിന്റെ ഭാഗമായി പുലര്‍ച്ചെ 4.30-മുതല്‍ 11-മണിവരെ ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിയ്ക്കില്ല.
ശാന്തിഹോമങ്ങള്‍ക്ക് തന്ത്രിമാരായ ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
വെള്ളിയാഴ്ച രാവിലെ ഏഴുമണിയ്ക്ക് ക്ഷേത്രത്തില്‍ ”ആനയില്ലാ ശീവേലി”യും, ഉച്ചയ്ക്ക് മൂന്നിന് ആനയോട്ടവും നടക്കും. തുടര്‍ന്ന് കൊടിയേറ്റവും നടക്കും. രാത്രി എട്ടു മണിയോടെ കൊടിമരചുവട്ടില്‍ ആരംഭിയ്ക്കുന്ന കൊടിപൂജക്ക് ശേഷം ക്ഷേത്രം തന്ത്രി നാലമ്പലത്തിനകത്തെ മൂലവിഗ്രഹത്തില്‍ നിന്നും ഗരുഢവാഹന ചൈതന്യത്തെ ആവാഹിച്ചെടുത്ത സപ്തവര്‍ണ്ണകൊടി ഉയര്‍ത്തും, ഇതോടെ 10-ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ ലഹരിയിലാവും ക്ഷേത്ര നഗരി.