ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടം മാർച്ച് മൂന്നിന് മൂന്ന് മണിക്ക് നടക്കും. 19 ആനകളെയാണ് പങ്കെടുപ്പിക്കുക. മുന്നിൽ ഓടാനുള്ള അഞ്ച് ആനകളെ വ്യാഴാഴച നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
1) ചെന്താമരാക്ഷൻ, 2) ദേവി, 3) ഗോകുൽ, 4) കണ്ണൻ, 5) വിഷ്ണു തുടങ്ങിയ ആനകൾക്കാണ് നറുക്ക് വീണത്. കരുതൽ ആയി രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നീ ആനകളെയും തിരഞ്ഞെടുത്തു.
കൊമ്പൻമാരായ വിഷ്ണു, ദേവദാസ്, ഗോപിക്കണ്ണൻ, ഗോപീകൃഷ്ണൻ, രവികൃഷ്ണൻ, കണ്ണൻ, ഗോകുൽ, ചെന്താമരാക്ഷൻ, ബാലു, പിടിയാന ദേവി എന്നിങ്ങനെ 10 ആനകളിൽനിന്നാണ് അഞ്ചാനകളെ തിരഞ്ഞെടുക്കുക. ഇതിൽ ഗോപിക്കണ്ണൻ, ഗോപീകൃഷ്ണൻ, കണ്ണൻ എന്നീ കൊമ്പന്മാർ ആനയോട്ടത്തിൽ പങ്കെടുക്കുന്നവരാണ്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്റേറ്റർ കെ പി വിനയൻ, ദേവസ്വം ഭരണസമിതിയംഗവും സബ് കമ്മിറ്റി ചെയർമാനുമായ കെ ആർ ഗോപിനാഥ്, ഭരണ സമിതി അംഗം സി മനോജ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ്, ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി, ജീവധനം മാനേജർ സി ആർ ലെജുമോൾ എന്നിവരാണ് നറുക്കെടുത്തത്. ആനയോട്ടം സബ് കമ്മിറ്റീ അംഗങ്ങളായ കെ പി ഉദയൻ, സജീവൻ നമ്പിയത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
