ഗുരുവായൂർ • ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള കലാ പരിപാടികളായി. കൊടിയേറ്റ ദിവസമായ 3ന് രാത്രി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം അവതരിപ്പിക്കുന്ന കഥകളിയോടെ കലാപരിപാടികൾ ആരംഭിക്കും.
മൂന്ന് വേദികളാണ് ഉത്സവത്തിനുള്ളത്. ക്ഷേതക്കുളത്തിന് കിഴക്കു ഭാഗത്തെ വൃന്ദാവനം വേദിയിൽ കൈകൊട്ടിക്കളി, കോൽക്കളി എന്നിവ മാത്രം അരങ്ങേറും. 7 ദിവസങ്ങളിലായി 118 സംഘങ്ങൾ കൈകൊട്ടിക്കളി അവതരിപ്പിക്കും. മേൽപുത്തൂർ ഓഡിറ്റോറിയത്തിലും ഇതിന് സമീപം തയാറാക്കുന്ന വൈഷ്ണവം വേദിയിലും കലാപരിപാടികൾ ഉണ്ടാകും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, മണിപ്പൂരി നൃത്തം, സത്രിയ നൃത്തം, ഒഡീസി നൃത്തം, കഥക്, മുടിയേറ്റ്, കൃഷ്ണനാട്ടം, പടയണി, പിന്നണി ഗായിക കെ എസ് ചിത്രയുടെ ഭക്തിഗാനമേള, കഥാപ്രസംഗം, സംഗീത ഫ്യൂഷൻ, തോൽപാവക്കൂത്ത്, കൂടിയാട്ടം, അഷ്ടപദി, നാഗസ്വരക്കച്ചേരി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് മാർച്ച് 3 മുതൽ 10 വരെ നടക്കുക.