ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ അഴുക്കുചാൽ പദ്ധതിയുടെ ആൾനൂഴികൾ വൃത്തിയാക്കാൻ ഇനി മനുഷ്യൻ ഇറങ്ങേണ്ടതില്ല. റോബട്ടിക് മെഷീൻ ജോലി നിർവഹിക്കും.
ജെന്റോബോട്ടിക്സ് എന്ന സ്റ്റാർട്ട് അപ് കമ്പനി വികസിപ്പിച്ച് 60.78 ലക്ഷം രൂപയ്ക്ക് ജല അതോറിറ്റി വാങ്ങിയ മെഷീൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷനായിരുന്നു. അഴുക്കു ചാൽ പദ്ധതിയുടെ ശേഷി 3 എം എൽ ഡി യിൽ നിന്ന് 5എം എൽ ഡി യായി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശവും വിപുലീകരിക്കും. ഇതിന് അമൃത് 2 പദ്ധതിയിൽ പെടുത്തി 24.50 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. അഴുക്കുചാൽ പദ്ധതിക്ക് മാത്രമായി ഗുരുവായൂരിൽ ഒരു അസി. എൻജിനീയറെ നിയമിക്കും.
നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.