ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.
നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍ ഇ ലീല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗുരുവായൂര്‍ മണ്ഡലം ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസറും ക്ലീന്‍സിറ്റി മാനേജരുമായ കെ എസ് ലക്ഷ്മണന്‍, സൂപ്രണ്ട് നൌഷാദ് എ എം, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റഫീക്ക് സി, വിനോദകുമാര്‍ കെ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഗരസഭ ജീവനക്കാര്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പോളിങ്ങ് ബൂത്തുകളിലും പ്ലാസ്റ്റിക് മുതലായ പുനരുപയോഗിക്കാന്‍ സാധിക്കാത്ത വസ്തുക്കള്‍ ഒഴിവാക്കി ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന് ബന്ധപ്പെട്ട ജീവനക്കാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തേണ്ടതിന്‍റെ അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പ്രത്യേകം ഓല മുതലായ ഹരിത വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പോളിങ്ങ് ബൂത്ത് സജ്ജീകരിച്ചിട്ടുളളതെന്ന് ഗുരുവായൂര്‍ മണ്ഡലം. ക്ലീന്‍ സിറ്റി മാനേജര്‍ & ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ കെ എസ് ലക്ഷ്മണന് പറഞ്ഞു.