ഗുരുവായൂർ: ഒരേ ഗ്രാമത്തിൽ ജീവിച്ച് അഞ്ചാം ക്ലാസ്സ് മുതൽ ഒരേ സ്ക്കൂളിൽ പഠിച്ച്, ആയുർവ്വേദ വിദ്യാഭ്യാസം വിവിധ കാലഘട്ടത്തിൽ പൂർത്തിയാക്കിയ ശിവകരൻ എന്ന ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, പുതിയ മേൽശാന്തിയായി ഗുരുവായൂർ ക്ഷേത്രത്തിൽ ചുമതലയേൽക്കുന്നു.
പാഞ്ഞാൾ തോട്ടത്ത് മനയിൽ നിന്ന് കിഴുത്താനി തരണനെല്ലൂർ മനയിലെത്തിയ ശിവകരൻ എന്നും, എപ്പോഴും ഗ്രാമ സുഹൃത്തായിരുന്നു. കാലടി ഋഗ്വേദ പാഠശാല അദ്ധ്യാപകനായി, ആയുർവ്വേദ ഡോക്ടറായി, കുറിച്ചിത്താനം ശ്രീധരി ആയുർവ്വേദത്തിന്റെ മാനേജിങ്ങ് ഡയറക്ടറായി തീർന്ന ഡോ. ശിവകരൻ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന പ്രഗത്ഭനായ സാമവേദിയാണ്.
തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്ന് ശിക്ഷ്യത്വം സ്വീകരിച്ചു പഠനം ആരംഭിച്ച ശിവകരൻ അച്ഛന്റെ മരണശേഷം സാമവേദത്തെ രാജ്യാന്തരങ്ങളിലേക്ക് എത്തിച്ച പണ്ഡിതനാണ്. സൂഹൃത്ത് എന്നതിലുപരി ശ്രീ ഗുരുപവനപുരിയുടെ നാഥനായി, പ്രധാന അർച്ചകനായി തീരുക എന്നത് വലിയ പൂണ്യമാണ്.
ഋക്, യജുസ്, സാമ വേദ പാരമ്പര്യമുള്ള അപൂർവ ഗ്രാമവും യാഗഭൂമിയുമായ പാഞ്ഞാളിൽ നിന്നുള്ള മേൽശാന്തിയാണ് ഡോ. ശിവകരൻ. അന്യം നിന്നു പോകുന്ന സാമവേദത്തെ പുനരുദ്ധരിക്കാൻ കുറിച്ചിത്താനത്ത് സാമവേദ പാഠശാല നടത്തുന്നുണ്ട് സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുള്ള ഡോ. ശിവകരൻ.
സാമവേദാചാര്യനായിരുന്ന അന്തരിച്ച തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് അച്ഛൻ. ഡോ. മഞ്ജിമയാണു ഭാര്യ. മക്കൾ നിവേദിത, നന്ദിത